കോട്ടയം: കേരള കോൺഗ്രസ് എമ്മിലെ പ്രശ്ന പരിഹാരത്തിന് ഇന്ന് ജോസ് കെ. മാണിയുമായി ചർച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിട്ടും സമവായ നീക്കത്തിന് തയ്യാറാകാതെ ജോസ് - ജോസഫ് വിഭാഗങ്ങളുടെ വാക്പോര് തുടരുന്നു. സമവായ ചർച്ചയിൽ പങ്കെടുക്കുമെന്ന് അറിയിച്ച ജോസ് കെ. മാണി എന്നാൽ, ചർച്ചയുടെ കാര്യം തന്നെ ആരും അറിയിച്ചിട്ടില്ലെന്നും പ്രതികരിച്ചു. ഇതിനിടെ ജോസഫിന് മറുപടി നൽകാനും ജോസ് കെ. മാണി മറിന്നില്ല. അടിയും തിരിച്ചടിയും തുടരുന്നതിനിടെ ഗ്രൂപ്പ് യോഗങ്ങളും ഇരുവിഭാഗവും സജീവമായി നടത്തുകയാണ്. കോട്ടയത്ത് തന്റെ പക്ഷത്തെ മുതിർന്ന നേതാക്കളുടെ യോഗം ജോസ് കെ. മാണി വിളിച്ചപ്പോൾ, പത്തനംതിട്ടയിൽ ജില്ലയിലെ പ്രവർത്തകരുടെ യോഗം വിളിച്ചാണ് പി.ജെ. ജോസഫ് മറുപടി നൽകിയത്.ഇന്നലെ കോട്ടയത്തെ കേരള കോൺഗ്രസ്- എം മീഡിയ കോ ഓർഡിനേറ്റർ വിജി എം. തോമസിന്റെ പള്ളത്തെ വീട്ടിലാണ് ജോസ് വിഭാഗത്തിന്റെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ മുതിർന്ന നേതാക്കൾ യോഗം ചേർന്നത്. എം.പി തോമസ് ചാഴികാടൻ, എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗം തുടങ്ങും മുൻപ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ ജോസ് കെ.
മാണി പി.ടി. ജോസ്, റോഷി അഗസ്റ്റിൻ തുടങ്ങിയ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. തുടർന്നു മാദ്ധ്യമങ്ങളെ കണ്ട ജോസ് കെ. മാണി പാലാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിക്കില്ലെന്ന ജോസഫിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. ജോസഫ് അല്ല, തിരഞ്ഞെടുപ്പ് കമ്മിഷനാണ് ചിഹ്നം അനുവദിക്കേണ്ടതെന്ന് ജോസ് കെ. മാണി പരിഹസിച്ചു. തന്നെ ചെയർമാനായി തിരഞ്ഞെടുത്തതിനെതിരെ നേടിയ സ്റ്റേ നീക്കിക്കിട്ടാൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന് ജോസ് കെ. മാണിയും നേതാക്കളും പള്ളത്തെ യോഗ സ്ഥലത്തേക്ക് പോയി.
യോഗത്തിന് ശേഷം പുറത്തിറങ്ങിയ ജോസ് കെ. മാണി കടുത്ത പ്രതികരണങ്ങളാണ് ജോസഫിനെതിരെ നടത്തിയത്. ജോസ് കെ. മാണിയുടെ ചെയർമാൻ സ്ഥാനം വെന്റിലേറ്ററിലാണെന്ന് പത്തനംതിട്ടയിൽ പി.ജെ. ജോസഫ് പരിഹസിച്ചതിനാണ് ജോസ് കെ. മാണി കോട്ടയത്ത് മറുപടി നൽകിയത്. രാഷ്ട്രീയ ജീവിതത്തിൽ പലവട്ടം വെന്റിലേറ്ററിലായിരുന്ന പി.ജെ. ജോസഫിന് പുതുജീവൻ നൽകി രക്ഷിച്ചത് കെ.എം. മാണിയാണെന്നു മറക്കരുതെന്ന് ജോസ് പറഞ്ഞു. വിവാദങ്ങളിൽപ്പെട്ട് രാഷ്ട്രീയമായി അത്യാസന്ന നിലയിലായിരുന്ന ജോസഫ് ഗ്രൂപ്പിന് ചില കേന്ദ്രങ്ങളുടെ കടുത്ത എതിർപ്പുണ്ടായിട്ടും അഭയം നൽകിയത് കേരള കോൺഗ്രസ് (എം) ആണ്. ഓരോ ദിവസം കഴിയുംതോറും പാർട്ടി പ്രവർത്തകർ കൂടെയില്ല എന്ന് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന വിഭ്രാന്തി കാരണമാണോ ജോസഫിന്റെ ഇത്തരം പ്രസ്താവനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു.
ഇതിനിടെ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി വിക്ടർ ടി. തോമസിനെ പി.ജെ. ജോസഫ് ഇന്നലെ പ്രഖ്യാപിച്ചതോടെ ഇരു വിഭാഗങ്ങളും തങ്ങൾക്ക് താത്പര്യമുള്ള നേതാക്കളെ ജില്ലാ പ്രസിഡന്റുമാരാക്കുന്ന നടപടി തുടരുകയാണ്.