കുറവിലങ്ങാട് : പാവപ്പെട്ടവരുടെ ശരണകേന്ദ്രമാകേണ്ട കുറവിലങ്ങാട് ഗവ.ആശുപത്രി ഇന്ന് രോഗികൾക്ക് ദുരിത കേന്ദ്രമാകുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഡോക്ടർമാരുടെ കുറവും രോഗികളെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. കുറവിലങ്ങാട്, ഞീഴൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി തുടങ്ങിയ പഞ്ചായത്തിലെ നിരവധി ആളുകൾ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ആശുപത്രിയാണിത്. നിലവിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ഡോക്ടറുടെ സേവനമുള്ളത്. രാത്രിയിൽ രോഗികളുമായി വരുന്നവർക്ക് സ്വകാര്യആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ്. പണമില്ലാത്തവർ പാലാ ഗവ.ആശുപത്രിയിലോ, മെഡിക്കൽ കോളേജിലേക്കോ രോഗികളുമായി പോകും. അത്യാഹിത വിഭാഗത്തിന്റെ കാര്യമാണ് കൂടുതൽ ദയനീയം. ഉച്ചയ്ക്ക് ശേഷം ഒരു ഡോക്ടറാണുള്ളത്. പരിമിതമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ച് അത്യാഹിതവിഭാഗം നവീകരിക്കണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്. നഴ്സുമാരുടെ എണ്ണവും വളരെ കുറവാണ്. ഉച്ചയ്ക്ക് ശേഷം ഫാർമസി പ്രവർത്തിക്കാത്തതിനാൽ സ്വകാര്യമെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ഡോക്ടർമാരുടെ സേവനം
പനി ക്ലിനിക്ക് : 2
ജനറൽ വിഭാഗം : 2
ദന്തൽ വിഭാഗം : 1
ആകെ : 5
മഴക്കാലം വരവായി, ഇനിയെങ്കിലും ഉണരുമോ
മഴക്കാലം ആരംഭിച്ചതിനാൽ പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഇത് മുന്നിൽക്കണ്ട് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് രോഗികൾ പറഞ്ഞു. അടിയന്തിരമായി രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണം. ആശുപത്രിയോട് ചേർന്നുള്ള കെട്ടിടത്തിൽ ലാബ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ചെറിയ പരിശോധനകളേയുള്ളൂ. ഇ.സി.ജി, സ്കാനിംഗ് തുടങ്ങിയ പരിശോധനകൾക്കായി സ്വകാര്യലാബുകളെ ആശ്രയിക്കണം.
"മികച്ച കെട്ടിടമുണ്ടെങ്കിലും ചികിത്സാ സൗകര്യങ്ങൾ പരിമിതമാണ്. ഉച്ചയ്ക്ക് ശേഷം വന്നാൽ ചികിത്സിക്കാൻ ഡോക്ടർമാരില്ല.സാധാരണക്കാരായ രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ പോകാനുള്ള പണമില്ല. പിറ്റേ ദിവസം ഡോക്ടർ വരുന്നത് വരെ കാത്തിരിക്കാനേ സാധിക്കൂ.
ഭവാനി, രോഗി