കോട്ടയം: തിരുവാതുക്കലിൽ ആയുധങ്ങളുമായി എത്തിയ അക്രമി സംഘം വീടുകയറി ആക്രമണം നടത്തി. രണ്ടു പേർക്ക് പരിക്കേറ്റു. തിരുവാതുക്കൽ മാന്താറ്റിൽ കളത്തൂത്തറ വീട്ടിൽ മെഹബൂബ്, അയൽവാസി കാർത്തിക്ക് (24) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്‌ക്ക് അടിയേറ്റ കാർത്തിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. പ്രദേശത്ത് കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ യുവാക്കളും നാട്ടുകാരും തമ്മിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായിരുന്നു. ഇതിന് പകരം ചോദിക്കാൻ എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു വച്ച് ബൈക്കുകൾ പൊലീസിനു കൈമാറി. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ കമ്പിവടിയും വടിവാളുമായി എത്തിയ സംഘം വീടുകയറി ആക്രമണം നടത്തിയത്. കളത്തൂത്തറ വീടിന്റെ ജനൽ ചില്ലുകളും ബൈക്കും മറ്റും സംഘം തല്ലിത്തകർത്തു. സംഭവം കണ്ട് ഓടിയെത്തിയ കാർത്തിക്കിനെ അടിച്ചു വീഴ്‌ത്തി. കൂടുതൽ പേർ എത്തിയതോടെ റോഡിൽ വച്ച് ഏറ്റുമുട്ടലുണ്ടായി. നാട്ടുകാർ പൊലീസിൽ അറിയിച്ചതോടെ സംഘം രക്ഷപ്പെട്ടു. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ പൊലീസ് കേസെടുത്തു.
മണ്ണന്തറയിൽ നിന്നുള്ള യുവാക്കൾ എത്തിയതിനെ ഒരു വിഭാഗം ചോദ്യം ചെയ്‌തതാണ് പ്രശ്‌നത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇവർ ഇവിടെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം ചെയ്‌തിരുന്നതായാണ് പരാതി .