പ്രവിത്താനം : പാലാ - തൊടുപുഴ റോഡിൽ പ്രവിത്താനത്ത് നിയന്ത്രണംവിട്ട ഇന്നോവ കാർ വാഹനങ്ങളിലും കടകളിലുമിടിച്ച് അപകടം. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. പാലായിൽ നിന്ന് തൊടുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ഇന്നോവ. റോഡിൽ കിടന്ന കാറിന്റെ പിന്നിലാണ് ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ മുന്നിലെ കടയിലേയ്ക്ക് ഇടിച്ചുകയറി ഷട്ടർ തകർത്തു. കാറിനെ ഇടിച്ച ഇന്നോവ റോഡിൽ വട്ടംതിരിഞ്ഞ് സമീപത്തെ മത്സ്യമാംസ വിപണനശാലയുടെ മുന്നിലെ ഭിത്തി ഇടിച്ചുതകർത്തു. റോഡിൽ പാർക്ക് ചെയ്തിരുന്ന ഒമ്‌നി വാനിന്റെ പിന്നിലും ഇടിച്ച ശേഷമാണ് ഇന്നോവ നിന്നത്. വാഹനം സാമാന്യം വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മഴ പെയ്ത് നനഞ്ഞ റോഡിൽ ബ്രേക്ക് ലഭിക്കാതിരുന്നതും അപകടത്തിന്റെ തീവ്രത കൂട്ടി. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽപെട്ട വാഹനങ്ങൾക്കെല്ലാം സാരമായ കേടുപാടുകൾ സംഭവിച്ചു. പയപ്പാർ അന്ത്യാളം റോഡിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.