വൈക്കം: 29 സംസ്ഥാനങ്ങളിലും നേപ്പാൾ,ഭൂട്ടാൻ തുടങ്ങിയ അയൽ രാജ്യങ്ങളിലും ബൈക്കിൽ ബന്ധുവിനെ ഒപ്പമിരുത്തിചുറ്റി സഞ്ചരിച്ച അംഗപരിമിതനായ റെയിൽവേ ഉദ്യോഗസ്ഥൻ ലിംക ബുക്ക് റെക്കാഡിൽ ഇടം പിടിക്കുന്നു. പാലക്കാട് ഒലവക്കോട് ബിന്ദു നിവാസിൽ ഗിരീഷ്‌കുമാറാണ് തന്റെ ബജാജ് ആവഞ്ചർ ബൈക്കിൽ ചുറ്റി സഞ്ചരിക്കുന്നത്. റെയിൽവേയിൽ സീനിയർ കൊമേഴ്‌സ്യൽ ക്ലർക്കായ ഗിരീഷ് പാലക്കാട് ഷൊർണ്ണൂരിലെ റെയിൽവേ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. 90 ദിവസം അവധിയെടുത്താണ് മാതൃസഹോദരി പുത്രനായ വൈക്കം ചെമ്മനത്തുകര നാവള്ളി പുത്തൻപുരയിൽ വിഭാതിനൊപ്പം രാജ്യം ചുറ്റാനിറങ്ങിയത്. ഏപ്രിൽ 4ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്രയിൽ 81 ദിവസം കൊണ്ട് 29 സംസ്ഥാനങ്ങളും രണ്ട് അയൽ രാജ്യങ്ങളും ചുറ്റി സഞ്ചരിച്ചു. കുട്ടിക്കാലത്ത് പോളിയോ ബാധിച്ച് വലതുകാൽ തളർന്നിട്ടും ആത്മവിശ്വാസം കൈമുതലാക്കിയാണ് വാഹനങ്ങളെ ഗിരീഷ് വരുതിയിലാക്കിയത്. ഗിരീഷിന്റെ യാത്രയ്രോടുള്ള അഭിനിവേശം അറിയാവുന്ന ഉന്നത ഉദ്യോഗസ്ഥർ 90 ദിവസത്തെ ലീവ് അനുവദിച്ച് പച്ചക്കൊടി കാട്ടിയതോടെ യാത്രയ്ക്കുള്ള തടസങ്ങൾ നീങ്ങി. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വനത്തിന് നടുവിലെ വീതി കുറഞ്ഞ റോഡിലൂടെയുള്ള യാത്ര തികച്ചും സാഹസികമായിരുന്നുവെന്ന് ഇവർ പറയുന്നു. ബൈക്കിൽ77ദിവസങ്ങൾ കൊണ്ട് ഇവർ ഇതിനോടകം 27000 കിലോമീറ്ററാണ് താണ്ടിയത്. റൂട്ട് മാപ്പ് തയ്യാറാക്കി ജി.പി.എസിന്റെ സഹായ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ഗിരീഷിന്റെ മകൻ അഗിഷ് മാധവനും ഗിരീഷിന്റെ സഹോദരി പുത്രൻ അജയ് വിജയകുമാറും ഇവരെ സഹായിച്ചു.