വൈക്കം: ഉൾനാടൻ ജലാശയങ്ങളിൽ ചെമ്മീൻ ഇനങ്ങൾ വർദ്ധിപ്പിക്കുന്നതിനായി കാരച്ചെമ്മീൻ കുഞ്ഞുങ്ങളേയും കൊഞ്ച്കുഞ്ഞുങ്ങളേയും നിക്ഷേപിച്ചത് ഗുണപ്രദമായതായി ഫിഷറീസ് അധികൃതർ. രണ്ട് വർഷം മുമ്പ് കോട്ടയം ജില്ലയിൽ ചെമ്മീൻ ഉത്പാദനം 575 ടണ്ണായിരുന്നു. വേമ്പനാട്ടു കായലിലും പുഴകളിലും ചെമ്മീനിന്റെയും കൊഞ്ചിന്റെയുമൊക്കെ ലഭ്യതയിൽ വലിയ ഇടിവ് സംഭവിച്ചത് മൽസ്യതൊഴിലാളികളുടെ ജീവിതത്തേയും ഏറെ ദോഷകരമായി ബാധിച്ചിരുന്നു. മത്സ്യചന്തകളിൽ ചെമ്മീൻ ലഭ്യത കുറഞ്ഞത് സ്ത്രീകളടക്കമുള്ള മൽസ്യവിൽപ്പനക്കാരെ പ്രതികൂലമായി ബാധിച്ചു. ഉൾനാടൻ ജലാശയങ്ങളിൽ ചെമ്മീൻ ലഭ്യത വർദ്ധിപ്പിക്കാൻ കഴിഞ്ഞ വർഷവും ഈ വർഷവും കായലിൽ കാരചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.ചെമ്മീൻ കുഞ്ഞുങ്ങള ഉൾനാടൻ ജലാശയങ്ങളിൽ നിക്ഷേപിച്ചതിന്റെ പ്രതിഫലനം ജില്ലയിലെ മത്സ്യ ചന്തകളിൽ കണ്ടു തുടങ്ങി. കിലോഗ്രാമിന് 300 നും 400 രൂപയ്ക്കുമിടയിലാണ് കാരചെമ്മീന്റെ വില. ചെമ്മീനിനങ്ങൾ ഉൾനാടൻ ജലാശയങ്ങളിൽ നിന്ന് കൂടുതലായി ലഭിച്ചു തുടങ്ങിയതോടെ മത്സ്യതൊഴിലാളികൾക്കും ഉപജീവനത്തിന് വക കണ്ടെത്താൻ കഴിഞ്ഞു. ഈ വർഷം 700 ടണ്ണിലധികം ചെമ്മീൻ ലഭിക്കുമെന്നാണ് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്നതെന്ന് ഫിഷറീസ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ അറിയിച്ചു.