ചങ്ങനാശേരി : കുടുംബസംഘ‌ർഷത്തെ തുടർന്ന് ആസിഡ് പ്രയോഗത്തിൽ നാലുപേർക്ക് പരിക്കേറ്റു. തുരുത്തി കുളരയിൽ ജോയിയുടെ ഭാര്യ സോഫിയ, മകൻ നിധിൻ, ഓട്ടോഡ്രൈവർ സനൽ, ആസിഡ് ഒഴിച്ച ജോസുകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ജോയിയുടെ സഹോദരനാണ് ജോസുകുട്ടി. ഇരുവരും തമ്മിൽ കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഓട്ടോയിൽ തറ തുടയ്ക്കാൻ ഉപയോഗിക്കുന്ന ഡയല്യൂട്ടഡ് ആസിഡുമായി എത്തിയ പ്രതി വീട്ടുമുറ്റത്തു നിന്നിരുന്ന സോഫിയയുടെയും മകൻ നിധിന്റെയും നേർക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോഡ്രൈവറായ സനലിന്റെ ദേഹത്ത് ആസിഡ് തെറിച്ചുവീണു. എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.