കോട്ടയം: വീട് നിർമ്മിക്കാൻ പണം വാങ്ങി മുങ്ങിയ കരാറുകാരൻ പൊലീസ് പിടിയിലായി. തിരുവനന്തപുരം സ്വദേശിയും ആർപ്പൂക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന മണലേൽ ദേവരാജനെയാണ്(43) ഗാന്ധിനഗർ എസ്.എച്ച്.ഒ സി.ഐ അനൂപ് ജോസ് അറസ്റ്റ് ചെയ്‌തത്. മാർച്ച് 21 നായിരുന്നു കേസിനാസ്‌പദമായ സംഭവം. ആർപ്പൂക്കര സ്വദേശിയായ പി.എം മാത്യുവിന്റെ പക്കൽ നിന്നും വീട് നിർമ്മാണത്തിനായി 5.35 ലക്ഷം രൂപയ്‌ക്ക് വീട് നിർമ്മിച്ചു നൽകാമെന്നാണ് ധാരണയായിരുന്നത്. കരാർ പ്രകാരം 2.30 ലക്ഷം രൂപ മുൻ കൂർ കൈപ്പറ്റുകയും ചെയ്‌തു. സമയത്ത് വീട് നിർമ്മാണം പൂർത്തിയാക്കാതെ വന്നതോടെ മാത്യു ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദേവരാജനെ അറസ്റ്റ് ചെയ്‌ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.