കുമരകം: ലഹരിമരുന്നുകൾക്കെതിരെ ജൂൺ 26 ന് കുമരകം ഗവൺമെന്റ് വി.എച്ച്.എസ് സ്‌കൂളിൽ രാജ്യാന്തര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കും. കോട്ടയം ജില്ലയിലെ എല്ലാ വി.എച്ച്.എസ്.ഇ, ഹയർസെക്കൻഡറി, ഹൈ സ്‌കൂളുകളിലേയും വിദ്യാർത്ഥികളെ സംയുക്തമായി പങ്കെടുപ്പിച്ചുകൊണ്ട് രാവിലെ 10 മണിക്ക് 'ലഹരിയും ദൂഷ്യഫലങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം നടത്തുക. കോട്ടയം ടൈനി സീഡ് എന്ന സംഘടനയുടെ സഹകരണത്തോടെയാണ് മത്സരം ഏകോപിപ്പിക്കുന്നത്. പ്രശസ്ത ക്വിസ് മാസ്റ്ററും ലിംകാ വേൾഡ് റെക്കോർഡ് ഹോൾഡറുമായ ജയിക്കർ തലയോലപ്പറമ്പിൽ മത്സരത്തെ നിയന്ത്രിയ്ക്കും. മത്സരവിജയികൾക്ക് ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 2500 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും നൽകും.