പാലാ: എം.ബി. എക്കാരനോ എം.പി.യോ ആകാതിരുന്നെങ്കിൽ ജോസ്.കെ. മാണി ആരാകുമായിരുന്നു? സംശയം വേണ്ട, ജോ, ഒന്നാന്തരം മജീഷ്യനാകുമായിരുന്നു. മാജിക്കിനോട് അത്രയേറെ താൽപ്പര്യമാണ് ജോയ്ക്ക്. ഇത്രയ്ക്ക് ഉറപ്പിച്ചു പറയുന്നത് മറ്റാരുമല്ല, ജോസ്. കെ. മാണിയുടെ പ്രിയ ഭാര്യ നിഷ. "ജോലിയൊന്നും കിട്ടാതെ വന്നാൽ മാജിക്കിനെ വളരെ സീരിയസായി സമീപിക്കാനും, നല്ലൊരു മജീഷ്യനെന്ന് പേരെടുത്ത് കുടുംബം പുലർത്താൻ പോലും ജോ ആഗ്രഹിച്ചിരുന്നു. പല തവണ എന്നോടും മക്കളോടും അത് തുറന്നു പറഞ്ഞിട്ടുമുണ്ട് " നിഷ ജോസ് കെ. മാണി വെളിപ്പെടുത്തുന്നു. ബാല മാന്ത്രികൻ മജീഷ്യൻ കണ്ണൻ മോനെ, കരിങ്ങോഴ്ക്കൽ വീട്ടിൽ വിളിച്ചു വരുത്തി അനുമോദിക്കവെയാണ് പ്രിയതമന്റെ മനസ്സിലെ മാജിക്ക് സ്വപ്നം നിഷ പങ്കുവച്ചത്. "വിദേശത്തോ, വടക്കേ ഇന്ത്യയിലേ ഒക്കെ യാത്ര കഴിഞ്ഞു വരുമ്പോൾ ജോ, ഒരു ബാഗ് നിറയെ മാജിക്ക് ഉപകരണങ്ങൾ വാങ്ങി വരും. പിന്നീട് അവ കൊണ്ട് മാജിക്ക് അവതരിപ്പിച്ച് എന്നേയും കുട്ടികളെയും വണ്ടറടിപ്പിക്കുന്നതിലായിരുന്നു ജോയുടെ ത്രിൽ " നിഷ വിശദീകരിച്ചു. കുട്ടിക്കാലം മുതലേ മാജിക്കിനോട് വല്ലാത്തൊരു അഭിനിവേശമായിരുന്നൂ തനിക്കെന്ന് ജോസ്. കെ. മാണി പലവട്ടം പറഞ്ഞിട്ടുണ്ടെന്ന് നിഷ പറഞ്ഞു. എത്ര തിരക്കിനിടയിലും മാജിക്ക് ഷോ എന്ന് കേട്ടാൽ കഴിയുന്നതും കാണാൻ പോകാൻ ശ്രമിക്കും. പൊതുജീവിതത്തിലെ മാനസിക സമ്മർദ്ദങ്ങൾക്കിടയിൽപ്പോലും ആസ്വദിച്ച് മാജിക്ക് ഷോ കാണുന്ന പ്രിയതമനെ അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ടെന്നും നിഷ പറയുന്നു.

കെ.എം. മാണിയുടെ പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയ മജീഷ്യൻ കണ്ണൻ മോനെ മാണിയുടെ ഭാര്യ കുട്ടിയമ്മയും നിഷ ജോസ്. കെ. മാണിയും ചേർന്ന് സ്വീകരിച്ചു. കണ്ണൻ മോൻ ചില മാജിക്കുകൾ അവതരിപ്പിച്ചത് ഇരുവരും അത്ഭുതത്തോടെ നോക്കി നിന്നു. ഗോവയിൽ നിന്നു വാങ്ങിയ മാജിക്ക് ചീട്ടുകൾ നിഷ കണ്ണൻ മോന് സമ്മാനിച്ചു. കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും അവർ കൊച്ചു മജീഷ്യനെ യാത്രയാക്കി. മൂന്ന് വയസ്സു മുതൽ മാജിക്ക് വേദിയിലുള്ള എസ്. അഭിനവ് കൃഷ്ണ എന്ന കണ്ണൻ മോൻ, പാലാ രാമപുരം വെള്ളിലാപ്പിളളി സെന്റ് ജോസഫ്സ് യു.പി. സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഇതിനകം മുന്നൂറോളം വേദികളിൽ മാജിക്ക് ഷോ നടത്തിയിട്ടുള്ള ഈ കൊച്ചു മാന്ത്രികൻ സാഹസിക മായാജാല രംഗത്തും സജീവമാണ്. ഏഴാച്ചേരി തുമ്പയിൽ സുനിൽ കുമാർ- ശ്രീജാ ദമ്പതികളുടെ മകനാണ്.