തിരുവല്ല: കാക്കപോളയും പായലും മാലിന്യങ്ങളും പാഴ്മരങ്ങളും കെട്ടിക്കിടക്കുന്നത് പെരിങ്ങര തോട്ടിലെ നീരൊഴുക്കിന് തടസമായി. പ്രളയത്തിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാത്തതും തോടിന്റെ ശോച്യാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. തോടിന്റെ തുടക്ക ഭാഗമായ പെരിങ്ങര പാലം മുതൽ ചാത്തങ്കരി തോടുമായി സംഗമിക്കുന്ന കണ്ണാട്ട് കുഴി വരെയുളള ഭാഗത്ത് പല ഇടങ്ങളിലും മീൻകൂട് സ്ഥാപിക്കുന്നതിനായി മുള ഉപയോഗിച്ച് നിർമ്മിച്ച ചേരുകൾ നീക്കം ചെയ്യാത്തതും സുഗമമായ നീരൊഴുക്കിന് തടസമാകുന്നു. നീരൊഴുക്ക് നിലച്ചതോടെ കറുത്തകുറുകിയ വെള്ളം ദുർഗന്ധപൂരിതമായിട്ടുണ്ട്. തോട്ടിലിറങ്ങി കുളിക്കുവാൻ പോലുമാകാത്ത സ്ഥിതിയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഗാർഹിക - കാർഷിക ആവശ്യങ്ങൾക്കായി പ്രദേശവാസികൾ ഏറെ ആശ്രയിച്ചിരുന്ന തോടാണിത്. വെള്ളം മലിനമായത് തോട്ടിലെ ആവാസ വ്യവസ്ഥയ്ക്കും മത്സ്യസമ്പത്തിനും ഭീഷണിയായിട്ടുണ്ട്. തോട്ടിലെ നീരൊഴുക്ക് സുഗമമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത് ഭരണസമിതി അടക്കമുള്ളവർ തയാറാകണം.
നീരൊഴുക്ക് തടസപ്പെടാൻ കാരണം
മൂന്നുവർഷം മുമ്പ് ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് തോടിന്റെ ആഴം കൂട്ടിയിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തോട്ടിൽ നിന്നും നീക്കം ചെയ്ത മണ്ണ് തോട്ടുവക്കിൽ തന്നെ നിക്ഷേപിക്കുകയായിരുന്നു. തോട്ടുവക്കിൽ നിക്ഷേപിച്ച മണ്ണ് കാലക്രമേണ തോട്ടിലേക്ക് തന്നെ
ഒഴുകിയിറങ്ങിയതാണ് നീരൊഴുക്ക് തടസപ്പെടാൻ പ്രധാന കാരണം.
പെരിങ്ങര തോട്ടിലെ വെള്ളം ഉപയോഗിക്കാനാവാത്തവിധം മലിനമായി കിടക്കുകയാണ്. തോടിന്റെ പുനരുദ്ധാരണത്തിന് നടപടി സ്വീകരിക്കണം
കെ.കെ.രാജൻ
പുത്തൻപറമ്പിൽ , പെരിങ്ങര (പ്രദേശവാസി)
-5 ലക്ഷം ചെലവഴിച്ച് ആഴം കൂട്ടി
-തോട്ടുവക്കിൽ നിക്ഷേപിച്ച മണ്ണ് ഒലിച്ചിറങ്ങി
-മുള ഉപയോഗിച്ച് നിർമ്മിച്ച ചേരുകൾ നീക്കം ചെയ്യാത്തതും ഒഴുക്കിന് തടസം