കോട്ടയം: കാര്യമായി പെയ്തില്ലെങ്കിലും കാലവർഷത്തിൽ ജില്ലയ്ക്ക് നഷ്ടമായത് 1.28 കോടി രൂപയുടെ കൃഷി. ഒരാഴ്ചത്തെ മഴയിൽ 210.04 ഏക്കറിലായി 633 പേരുടെ കൃഷിയാണ് നശിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് മഴയുടെ അളവ് തീരെ കുറഞ്ഞിട്ടും ഇത്രയധികം നാശനഷ്ടമുണ്ടായത്, പ്രളയത്തിനും വരൾച്ചയ്ക്കം ശേഷം തിരിച്ചുവരവിന് ഒരുങ്ങുന്ന കർഷകരെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ജില്ലയിലെ എട്ട് ബ്‌ളോക്കുകളിലാണ് കാലർവഷം കാര്യമായി ബാധിച്ചത്. കഴിഞ്ഞ ഒമ്പത് മുതൽ 17വരെയുള്ള കണക്കനുസരിച്ചാണ് ഇത്രയും നഷ്ടം. ഈരാറ്റുപേട്ട, ഉഴവൂർ, വൈക്കം, വാഴൂർ, കോട്ടയം, ഏറ്റുമാനൂർ, മാടപ്പള്ളി, കടുത്തുരുത്തി ബ്ലോക്കിലാണ് ഏറ്റവും അധികം നാശം. മലയോരമേഖലയിൽ റബറും കാപ്പിയും കപ്പയുമടക്കം നശിച്ചപ്പോൾ പടിഞ്ഞാറൻമേഖലയിൽ നെല്ലും തെങ്ങും പച്ചക്കറികളും കാലവർഷം പിഴുതെറിഞ്ഞു.

 ആശങ്ക ഒഴിയാതെ കർഷകർ

ഒന്നര മാസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കുമെന്നാണ് അധികൃതർ പറയുന്നതെങ്കിലും നടപ്പാകുമോ എന്ന ആശങ്കയിലാണ് കർഷകർ. വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് കൃഷിഭവനിലൂടെയാണ് നഷ്ടപരിഹാരം ലഭിക്കുക. കൃഷി ഓഫീസർക്ക് സമർപ്പിക്കുന്ന അപേക്ഷ, പ്രിൻസിപ്പൽ കൃഷി ഓഫീസിലെത്തിയ ശേഷമേ നഷ്ടപരിഹാരത്തിനുള്ള നടപടിയുണ്ടാകൂ. നൂറിലേറെ അപേക്ഷകൾ ഇതിനകം ലഭിച്ചു. കർഷകരുടെ അക്കൗണ്ട് വഴിയാണ് ധനസഹായം നൽകുക.

നഷ്ടക്കണക്ക്

റബർ: 2.24 ഏക്കർ
ഏത്തവാഴ: 61.56 ഏക്കർ
പച്ചക്കറി: 33.60 ഏക്കർ

കൃഷി നാശം ഇവിടെ

പൂഞ്ഞാർ തെക്കേക്കര, കോട്ടയം, വെച്ചൂർ, മറവംതുരുത്ത്, വിജയപുരം, കടപ്ളാമറ്റം, അതിരമ്പുഴ, അയ്മനം, കൊഴുവനാൽ, ഏറ്റുമാനൂർ, തീക്കോയി, തിരുവാർപ്പ്, കുമരകം, തൃക്കൊടിത്താനം, രാമപുരം, വെളിയന്നൂർ, കിടങ്ങൂർ, മരങ്ങാട്ടുപിള്ളി, മുളക്കുളം

 നഷ്ടപരിഹാരം ലഭ്യമാക്കും

കൃഷിക്കുള്ള നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. നഷ്ടക്കണക്ക് ഡയറക്ടറേറ്റിലേയ്ക്ക് അയച്ചിട്ടുണ്ട്''

പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ

 '' ഇനി നഷ്ടപരിഹാരത്തിലാണ് പ്രതീക്ഷ. നഷ്ടം മുഴുവൻ ലഭിക്കില്ലെങ്കിലും കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടാനേ കഴിയൂ. പ്രളയം കഴിഞ്ഞ് ഒന്ന് നടുനിവർക്കുകയായിരുന്നു. വരൾച്ചാനാശത്തിന്റെ പണം ലഭിച്ചു തുടങ്ങിയപ്പോഴാണ് കാലവർഷവും കലിപൂണ്ടത്''

ജോർജ്, കർഷകൻ