poovam

ചങ്ങനാശേരി : പൂവം നക്രാപുതുവൽ റോ‌‌‌ഡ് ഉടൻ നവീകരിക്കും. തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. പലകാരണങ്ങൾകൊണ്ട് വർഷങ്ങളായി മുടങ്ങിക്കിടന്ന റോഡിന്റെ നിർമ്മാണത്തിന് പുതിയ എസ്റ്റിമേറ്റ് രണ്ട് ആഴ്ചയ്ക്കകം തയാറാക്കാനും തീരുമാനിച്ചു. പായിപ്പാട് പഞ്ചായത്തിന്റെ 15,16 വാർഡുകളിലായി സ്ഥിതിചെയ്യുന്ന റോഡിന് രണ്ടരകിലോമീറ്ററോളം ദൂരമുണ്ട്. നക്രാപുതുവൽ നിവാസികൾക്ക് ചങ്ങനാശേരിയിലും മറ്റ സ്ഥലങ്ങളിലേക്ക് എത്താനും കർഷകർ കൊയ്തെടുക്കുന്ന നെല്ല് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും സഹായിക്കുന്ന റോഡാണിത്.

യോഗത്തിൽ തദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ധനകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി കെ.എസ് ഉഷ, കെ.എസ്.ആർ.ആർ.ഡി.എ ചീഫ് എൻജിനീയർ ജോസഫ് പോൾ, സൂപ്രണ്ടിംഗ് എൻജിനീയർ ശ്രീല എസ്, ജനറൽ മാനേജർ വിജയകുമാർ, പി.ആർ ജയൻ, രഞ്ജിത്ത് എം.എസ്, ജിത്ത്, കെ.ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു.