ചങ്ങനാശേരി : ഒരു നിമിഷം ആരുമെന്ന് ഭയക്കും. തലയ്ക്ക് മീതെ അപകടം തലയുയർത്തി നിൽക്കുകയല്ലേ. അപകടം വരാൻ എന്തിന് കാത്തുനിൽക്കണം. മരങ്ങൾ ചൂണ്ടിക്കാട്ടി യാത്രക്കാർ തന്നെ പറയും.ചങ്ങനാശേരി - വാഴൂർ റോഡരികിലെ മരങ്ങളാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലേക്ക് ചാഞ്ഞുനിൽക്കുകയാണ് വൻമരങ്ങൾ. മൈലാടിയിലും കറുകച്ചാൽ എൻ.എസ്.എസ് ജംഗ്ഷനിലും കൂത്രപ്പള്ളിയിലുമെല്ലാം വൻ മരങ്ങളാണ് തലയുയർത്തി നിൽക്കുന്നത്.

കറുകച്ചാൽ എൻ. എസ്. എസ് ജംഗ്ഷനിലുള്ളത് ഉണങ്ങിയ മരങ്ങളാണ്. ഇടിമിന്നലേറ്റ് ഉണങ്ങിയ ദ്രവിച്ച തെങ്ങ് 12-ാം മൈൽ കവലക്കു സമീപം റോഡിലേക്ക് ചാഞ്ഞിനിൽക്കുന്നു. വർഷങ്ങൾക്കു മുന്പാണ് ഈ തെങ്ങിന് മിന്നലേറ്റത്. തെങ്ങിന്റെ തടി പാതിദ്രവിച്ച് താഴെ പോയി. 30 അടിയിലേറെ ഉയരമുള്ള തെങ്ങ് 11 കെവി ലൈനിനോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ ചുവടു ഭാഗവും ദ്രവിച്ച് തുടങ്ങിയതോടെ തെങ്ങ് ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ജീവന് ഭീഷണിയായി നിലകൊള്ളുന്ന മരങ്ങൾ എത്രയും വേഗം വെട്ടിമാറ്റണമെന്നതാണ് യാത്രക്കാരുടെയും നാട്ടുകാരുടേയും ആവശ്യം.