ഗ്രാമീണ ഗതാഗതം അവതാളത്തിൽ

കോട്ടയം : കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും തമ്മിലുള്ള അനാരോഗ്യകരമായ മത്സരം ഉൾനാടൻ ഗ്രാമീണമേഖലയിലെ സാധാരണക്കാരുടെ യാത്രാക്ളേശം രൂക്ഷമാക്കുന്നു. കോട്ടയം നഗരത്തിന്റെ പരിസരപ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി സർവീസ് നടത്തിയിരുന്ന പല റൂട്ടുകളിലും ഇപ്പോൾ പേരിന് പോലും ബസില്ല. കെ.എസ്.ആർ.ടി.സി സർവീസ് ഉണ്ടായിരുന്ന എസ്.എൻ.പുരം, തിരുവാർപ്പ്, കൊല്ലാട്, നാട്ടകം ഗസ്റ്റ് ഹൗസ്, മീനടം, തിരുവഞ്ചൂർ, എറഞ്ഞാൽ, ളാക്കാട്ടൂർ, കൂരോപ്പട, നരിമറ്റം തുടങ്ങിയ ഗ്രാമീണ മേഖലകളിലേക്കൊന്നും ബസില്ല. വിദ്യാർത്ഥികളും കൂലിപ്പണിക്കാരും കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കേണ്ട ഗതികേടിലാണ്.

ആദ്യം സ്വകാര്യ ബസുകൾ വെട്ടിത്തെളിച്ച് നല്ലനിലയിൽ സർവീസ് നടത്തുന്ന റൂട്ടുകളിൽ പിന്നീട് കെ.എസ്.ആർ.ടി.സി കടന്നുവരും. മത്സരം മുറുകുമ്പോൾ പിടിച്ചുനിൽക്കാനാവാതെ നഷ്ടത്തിലാകുന്ന സ്വകാര്യ ബസുകൾ പിന്മാറും. തന്നിഷ്ടപ്രകാരം സർവീസ് നടത്തിയും ട്രിപ്പ് മുടക്കിയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന കെ.എസ്.ആർ.ടി.സിയും പിന്നീട് നഷ്ടക്കണക്ക് പറഞ്ഞ് കളം കാലിയാക്കുകയാണ്. കോട്ടയം നഗരത്തിന്റെ ചുറ്റവട്ടത്ത് മാത്രം 100 ൽ അധികം സർവീസുകളാണ് കെ.എസ്.ആർ.ടി.സി ഇത്തരത്തിൽ നിറുത്തലാക്കിയത്. ഒരിക്കൽ കെ.എസ്.ആർ.ടി.സി തകർത്ത റൂട്ടുകളിൽ വീണ്ടും സർവീസ് നടത്താൻ സ്വകാര്യ ബസുകളും തയ്യാറല്ല. സ്വന്തമായി ഒരു ചെറുവാഹനമെങ്കിലും വാങ്ങാൻ ശേഷിയുള്ളവർ ഇതൊക്കെ അതിജീവിക്കുമെങ്കിലും സാധാരണക്കാരുടെ കാര്യമാണ് കൂടുതൽ കഷ്ടം.

അടുത്തത് കൈനടി

ഈ പട്ടികയിലേക്ക് അധികം താമസിക്കാതെ ഇടംപിടിക്കുന്ന പ്രദേശം കൈനടി ആണെന്ന് സ്വകാര്യ ബസ് ഉടമകൾ പറയുന്നു. നിലവിൽ 14 സർവീസുകളാണുള്ളത്. ഈ റൂട്ടിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സികൾ കടന്നുവരുന്നതോടെ തങ്ങൾക്ക് പിന്മാറേണ്ടിവരുമെന്നാണ് ഇവർ പറയുന്നത്.

മുന്നറിയിപ്പില്ലാതെ നിറുത്തലാക്കി

ഈരാറ്റുപേട്ടയിൽ നിന്ന് പാലാ, പള്ലിക്കത്തോട്, കൂരോപ്പട, പാമ്പാടി, കറുകച്ചാൽ, തിരുവല്ല വഴിയുള്ള എടത്വ സർവീസ് സമീപകാലത്ത് മുന്നറിയിപ്പില്ലാതെ നിറുത്തലാക്കി.

ജനങ്ങൾ ആവശ്യപ്പെടുന്ന റൂട്ട്

മല്ലപ്പള്ളി- കറുകച്ചാൽ- പാമ്പാടി- കൂരോപ്പട, ളാക്കാട്ടൂർ- കണ്ണാടിപ്പാറ കോളനി- മറ്റക്കര- അയർക്കുന്നം- തിരുവഞ്ചൂർ വഴി കോട്ടയം മെഡിക്കൽ കോളേജ്