വൈക്കം : വേമ്പനാട്ടുകായലിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ചീനവലകൾ പൊളിച്ചു നീക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും നടപടിയായില്ല. ഉത്തരവിനെ തുടർന്ന് വലകൾ നീക്കാനെത്തിയ ഫിഷറീസ് അധികൃതരും വല സ്ഥാപിച്ചവരും തമ്മിൽ ദിവസങ്ങൾക്ക് മുൻപ് സംഘർഷമുണ്ടായിരുന്നു. വെച്ചൂരിൽ തണ്ണീർമുക്കം ബണ്ടിനു സമീപം കായലിൽ അനധികൃതമായി സ്ഥാപിച്ച എട്ട് ചീനവലകൾ അധികൃതർ മുറിച്ചുനീക്കിയതോടെയാണ് തൊഴിലാളികൾ എതിർപ്പുമായി എത്തിയത്.
തുടർന്ന് ഫിഷറീസ് അധികൃതർ ജില്ലാ കളക്ടർ പി.എസ്.സുധീർ ബാബുവുമായി ബന്ധപ്പെട്ടു. തുടർന്ന് പത്ത് ദിവസത്തിനകം അനധികൃതമായി സ്ഥാപിച്ച ചീനവലകൾ സ്ഥാപിച്ചവർ തന്നെ സ്വന്തം നിലയ്ക്ക് നീക്കണമെന്ന വ്യവസ്ഥയിൽ അധികൃതർ നടപടി അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ പത്ത് ദിവസം പിന്നിട്ടിട്ടും ആരും വല നീക്കം ചെയ്യാൻ തയ്യാറായിട്ടില്ല. കായൽ തീരത്ത് ഗാർഹിക വൈദ്യുതി കണക്ഷനെടുത്ത ശേഷം നിയമാനുസൃതമല്ലാതെ, അപകടകരമായ രീതിയിൽ ജലോപരിതലത്തിലൂടെ ഒന്നര കിലോമീറ്റർ വരെ വൈദ്യുതി പ്രവഹിപ്പിച്ചാണ് ചീനവലകളിൽ ശക്തിയേറിയ ബൾബുകൾ തെളിയിച്ച് മത്സ്യങ്ങളെ ആകർഷിച്ച് പിടിക്കുന്നത്. ഇത് ഫിഷിംഗ് ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുള്ളതാണ്. തീരെ ചെറിയ മത്സ്യങ്ങളെ പോലും അരിച്ചു പിടിക്കാൻ പോന്ന പറ്റുകണ്ണിവലകളാണ് ചീനവലകളിൽ ഉപയോഗിക്കുന്നത്. ഇത് കായലിലെ മത്സ്യ സമ്പത്ത് ഇല്ലാതാക്കുന്നതിനും, മത്സ്യങ്ങളുടെ വംശനാശത്തിനും കാരണമാകും.
വൈദ്യുതി വകുപ്പിന്റെ ഒത്താശ
അനധികൃത കമ്പവലകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാൻ 2015 ൽ വൈക്കം കോടതി ഉത്തരവിട്ടതാണ്. വിധി നടപ്പാക്കാൻ കെ.എസ് ഇ.ബി തയ്യാറായില്ലെന്ന് മാത്രമല്ല പിന്നീട് സ്ഥാപിക്കപ്പെട്ട അനധികൃത കമ്പവലകൾക്കും ഗാർഹികമെന്ന വ്യാജേന വൈദ്യുതി നൽകി. ഇതിന് പിന്നിൽ വൻഅഴിമതിയുണ്ടെന്നാണ് ആരോപണം. കായലിൽ കമ്പവലകൾ പെരുകിയതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും തൊഴിലില്ലാതായി.
ഫിഷറീസ് ഓഫീസ് ഉപരോധിക്കും
സമയപരിധി കഴിഞ്ഞിട്ടും അനധികൃതചീനവലകൾ നീക്കം ചെയ്യാത്ത ഫിഷറീസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ തലയാഴം ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതിക്ഷേധിച്ചു. ലൈറ്റ് ഫിഷിംഗ് അവസാനിപ്പിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉപരോധിക്കുന്നതുൾപ്പെടെയുള്ള സമരങ്ങൾക്ക് രൂപം നൽകുമെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി പഞ്ചായത്ത് കൺവീനർ കെ.സുഗുണൻ, ചെയർമാൻ, ബി.അശോകൻ ട്രഷറർ, കെ.വി.പ്രകാശൻ എന്നിവർ അറിയിച്ചു.