jose-k-mani

കോട്ടയം: കേരളാ കോൺഗ്രസിന്റെ യഥാർത്ഥ ചെയർമാൻ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് പോരടിക്കുന്ന ജോസഫിനെയും ജോസിനെയും ഒന്നിപ്പിക്കാൻ യു.ഡി.എഫ് നേതാക്കൾ കിണഞ്ഞു പരിശ്രമിക്കുമ്പോഴും, ജില്ലാ കമ്മിറ്റികളിലും പോഷക സംംഘടനകളിലും കൂടി പിളർപ്പ് പൂർത്തിയാക്കാനുള്ള മത്സരത്തിലാണ് ഇരു വിഭാഗവും.

പത്തനംതിട്ടയിൽ പുതിയ ഭാരവാഹികളെ ജോസഫ് പ്രഖ്യാപിച്ചതിന് പിറകെ, ജോസഫിന്റെ തട്ടകമായ ഇടുക്കിയിൽ ജോസ് വിഭാഗം പിടി മുറുക്കി. ജില്ലയിലെ മുഴുവൻ പോഷക സംഘടനകളും ജോസ് കെ മാണിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി കട്ടപ്പനയിൽ പത്ര സമ്മേളനം നടത്തിയായിരുന്നു വെല്ലുവിളി. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സെലിൻ കുഴിഞ്ഞാലിൽ ,കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാലുമ്മേൽ,കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജോർജ് അമ്പഴം, കെ.എസ്.സി ജില്ലാ പ്രസിഡന്റ് ജോമറ്റ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു . ജോസഫിനെ പിന്തുണയ്ക്കുന്ന ഭാരവാഹികൾക്ക് പകരം തിരഞ്ഞെടുത്തവരായിരുന്നു ഇവരെല്ലാം.

14 ജില്ലകളിലും ഇരുവിഭാഗവും ഭാരവാഹികളെ പുറത്താക്കി പകരം താത്പര്യമുള്ളവരെ ചേർത്ത് ജില്ലാ കമ്മിറ്റിയും പോഷക സംഘടനാ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഇതോടെ സംസ്ഥാന തലത്തിലെ പിളർപ്പ് ജില്ലകളിലേക്കും വ്യാപിച്ചു.

കോട്ടയത്ത് ഞായറാഴ്ച രാത്രി ജോസ് വിഭാഗം ഉന്നതാധികാര സമിതി വിളിച്ചിരുന്നു. 99 അംഗ കമ്മിറ്റിയിൽ 58 പേർ പങ്കെടുത്തതായി ജോസ് വിഭാഗം അവകാശപ്പെട്ടു. യു.ഡി.എഫ് നേതാക്കളുടെ സമവായ ചർച്ചയിൽ പങ്കെടുത്താലും ചെയർമാൻ സ്ഥാനം ജോസഫിന് ഇനി വിട്ടു കൊടുക്കരുതെന്ന പൊതു അഭിപ്രായമാണ് യോഗത്തിലുണ്ടായത്. പാർട്ടി ചിഹ്നം നിലനിറുത്താൻ ഏതറ്റം വരെ പോകാനും തീരുമാനമായി.,ഉന്നതാധികാര സമിതി വിളിക്കാൻ ജോസ് വിഭാഗത്തിന് അധികാരമില്ലെന്നും പങ്കെടുത്തവരിൽ പലരും സമിതി അംഗങ്ങളല്ലെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ പ്രതികരണം.

ചെയർമാൻ സ്ഥാനം ​ വിട്ടുനൽകില്ലെന്ന നിലപാടിൽ ജോസും ജോസഫും ഉറച്ചു നിൽക്കുന്നതിനാൽ യു.ഡി.എഫ് നേതാക്കൾ നടത്തുന്ന സമവായ ചർച്ചകൾ വഴിമുട്ടി .