വൈക്കം: സംസ്ഥാന സർക്കാരിന്റെ ഹരിത സഹായ സ്ഥാപനമായ സഹൃദയ വെൽഫെയർ സർവീസസ് എറണാകുളത്തിന്റെ ആഭിമുഖ്യത്തിൽ കുടവെച്ചൂർ സെന്റ് മേരീസ് ഇടവകയുടെ സഹകരണത്തോടെ കുടവെച്ചൂർ പള്ളിയിൽ സംഘടിപ്പിച്ച സഹൃദയ ഗ്രാമോത്സവം വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള ഉദ്ഘാടനം ചെയ്തു. മനുഷ്യർ പ്രകൃതിയോട് സൗഹാർദപരമായി പെരുമാറിയില്ലെങ്കിൽ പ്രകൃതി തിരിച്ചും സൗഹൃദമില്ലാതെ വർത്തിക്കുമെന്ന അനുഭവങ്ങളിൽ നിന്ന് നാം പഠിക്കണമെന്ന് അവർ പറഞ്ഞു. വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനവും അവർ നിർവഹിച്ചു. വികാരി ഫാ.ജോയി കണ്ണമ്പുഴ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം അങ്കമാലി അതിരൂപതാ വൈസ് ചാൻസലർ ഫാ.വർഗീസ് പെരുമായൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലൈജു കുഞ്ഞുമോൻ, ആനി മാത്യു, കെ.ആർ.ഷൈലകുമാർ, സാജു കായിച്ചിറ, അപ്പച്ചൻ, റോബിൻ മണ്ണത്താലി, ജിയോ ബി.ജോസ് എന്നിവർ സംസാരിച്ചു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, സിസ്റ്റർ ആൻസി എന്നിവർ ക്ലാസുകൾ നയിച്ചു. മാലിന്യസംസ്‌കരണ, ജലഊർജ്ജ സംരക്ഷണ പ്രദർശനവും സഹൃദയ മെലഡീസിലെ ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ നേതൃത്യത്തിലുള്ള ഗാനമേളയും നടത്തി.