പാലാ : കുട്ടികളെ നിങ്ങൾക്ക് പേടിയില്ലാതെ ഇനി പൊലീസ് സ്റ്റേഷനിലേക്കും കയറിച്ചെല്ലാം, മീശപിരിക്കാതെ പൊലീസ് അങ്കിൾമാർ നിങ്ങളെ സ്നേഹത്തോടെ സ്വീകരിക്കും. പരാതികൾ കേൾക്കും. കുടുംബപ്രശ്നങ്ങൾ, അതിക്രമങ്ങൾ, മോശം പെരുമാറ്റം... എന്തുമാകട്ടെ നിങ്ങൾക്ക് തുറന്ന് പറയാം. പരിഹാരം ഉടനടിയുണ്ടാകും. സംസ്ഥാനത്തുടനീളം കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പുവരുന്നതിനുമായി നടപ്പാക്കിയ പൊലീസിന്റെ ക്യാപ് (ചിൽഡ്രൻ ആൻഡ് പൊലീസ് ) പദ്ധതിയുടെ ഭാഗമായി പാലായിലും ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ ഉയരുകയാണ്.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 57 പൊലീസ് സ്റ്റേഷനുകളിലാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നല്കുന്നത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗഹാർദ്ദപൂർണവും സമയബന്ധിതവും ഫലപ്രദവുമായ സേവനങ്ങൾ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ജില്ലയിൽ പാലാ, പൊൻകുന്നം, എരുമേലി എന്നീ മൂന്നു പൊലീസ് സ്റ്റേഷനുകളാണ് ശിശുസൗഹാർദ്ദമായി മാറുന്നത്. പാലാ സ്റ്റേഷനിലെ പൊലീസുകാർക്ക് രണ്ട് ദിവസം പരിശീലനം ലഭിച്ചു. അടുത്തഘട്ടമായി ജില്ലയിലെ 11 സ്റ്റേഷനുകളിൽ കൂടി പദ്ധതി വ്യാപിപ്പിക്കും. പാലാ സ്റ്റേഷൻ വളപ്പിൽ 9 ലക്ഷം രൂപ ചെലവഴിച്ച് 400 സ്‌ക്വയ്ർ ഫീറ്റുള്ള കെട്ടിടമാണ് ഇതിനായി നിർമ്മിക്കുന്നത്.
ജില്ലയിൽ 3 ശിശുസൗഹൃദ സ്റ്റേഷൻ
1.പാലാ
2.പൊൻകുന്നം
3.എരുമേലി
എല്ലാമുണ്ട് ഇവിടെ
കുട്ടികളെ മുലയൂട്ടാനുള്ള സൗകര്യം
കളിപ്പാട്ടങ്ങൾ, ടി.വി
ഫ്രിഡ്ജ്, എ.സി
കാർട്ടൂൺ കാണാനുള്ള സംവിധാനം
ലക്ഷ്യങ്ങൾ
പരാതി അറിയിക്കാൻ പൊലീസ് സ്റ്റേഷനിലേക്ക് കടന്നുവരാൻ കുട്ടികളെ സജ്ജമാക്കുക
കേസിന്റെ ഭാഗമായി സ്റ്റേഷനിലെത്തുന്ന കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കുക
തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ തുറന്ന് പറയാൻ അവസരമൊരുക്കുക