വൈക്കം: മാലിന്യമുക്ത ക്ഷേത്ര നഗരമായി പ്രഖ്യാപിച്ച വൈക്കം നഗരം മാലിന്യത്താൽ വീർപ്പുമുട്ടുകയാണെന്ന് വൈക്കം മുനിസിപ്പൽ പ്രതിപക്ഷം. മാലിന്യ സംസ്കരണത്തിനായി മുനിസിപ്പാലിറ്റിക്ക് 6 ഏക്കർ 80 സെന്റ് സ്ഥലമുണ്ട്. അവിടെ ലക്ഷങ്ങൾ മുടക്കി തുങ്കൂർ മൂഴി മോഡൽ മാലിന്യ സംസ്കരണ സംവിധാനം മന്ത്രി എ.സി.മൊയ്തീനാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഫലപ്രദമായി ഇവയൊന്നും പ്രവർത്തിക്കുന്നില്ലെന്നും മാലിന്യമുക്ത ക്ഷേത്ര നഗരമായ വൈക്കം നഗരത്തിലെ മാലിന്യം അടിയന്തിരമായി നീക്കം ചെയ്യണമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.വി.വി.സത്യൻ യോഗം ഉദ്ഘാടനം ചെയ്തു. നഗരത്തിലെ റോഡരികുകളിൽ മാലിന്യ കൂമ്പാരമാണ്. മഴക്കാലം ശക്തിപ്പെട്ടതോടുകൂടി മാലിന്യങ്ങൾ നഗരത്തിൽ ചീഞ്ഞൊഴുകുകയാണെന്നും ഇതിനെതിരെ പ്രതിപക്ഷം മുനിസിപ്പാലിറ്റിക്ക് മുമ്പിൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സീനിയർ കൗൺസിലർ ജി.ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം.ടി.അനിൽകുമാർ, പി.എൻ.കിഷോർകുമാർ, അനൂപ് ചിന്നപ്പൻ, സുമാ കുസുമൻ, സിന്ധു സജീവൻ, ഷിബി സന്തോഷ്, സൗദാമിനി, ഷേർളി ജയപ്രകാശ് എന്നിവർ പങ്കെടുത്തു.