കോട്ടയം: കോടികളുടെ തട്ടിപ്പുകേസിൽ പ്രതിയായ സിക് ടെക് എന്ന ചിട്ടി സ്ഥാപനത്തിന്റെ ഉടമ കുടമാളൂർ സ്വദേശി വൃന്ദ രാജേഷിനെ പരാതിക്കാരായ നൂറോളം വീട്ടമ്മമാർ ചേർന്ന് കോടതി വളപ്പിൽ അരമണിക്കൂറോളം തടഞ്ഞു വച്ചു.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ചിട്ടി തട്ടിപ്പുകേസിൽ ജാമ്യം എടുക്കാനാണ് വൃന്ദ കോടതിയിൽ എത്തിയത്. ഇവർ വരുമെന്നറിഞ്ഞ് ഇരയായ സ്ത്രീകൾ ഇവിടെ കാത്തു നിന്നിരുന്നു. നാലു വർഷം മുൻപ് തിരുനക്കരയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം 21 കോടിയിലധികം രൂപ തട്ടിയെടുത്ത ശേഷം പൂട്ടുകയായിരുന്നു.
തട്ടിപ്പിനിരയായവർക്കു വേണ്ടി പ്രവർത്തിക്കുന്ന എ.ഐ.വൈ.എഫ് കോട്ടയം മണ്ഡലം സെക്രട്ടറി റെനീഷ് കാരിമറ്റം പൊലീസുമായി സംസാരിച്ചശേഷമാണ് വൃന്ദയെ പോകാൻ അനുവദിച്ചത്. നാലു വർഷം കഴിഞ്ഞിട്ടും ഇതുവരെ നീതി ലഭിച്ചില്ലെന്നാണ് സ്‌ത്രീകളുടെ പരാതി. സി. പി. ഐ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും വൃന്ദ വഴങ്ങിയിരുന്നില്ല.