കോട്ടയം : കെവിനെ തട്ടിക്കൊണ്ടു പോയ പ്രതികൾ വ്യത്യസ്‌ത വഴികളിലൂടെയാണ് സഞ്ചരിച്ചതെന്ന് അന്വേഷണ സംഘത്തലവൻ ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻപാകെ മൊഴി നൽകി. ഇന്നോവ, ഐ 20, വാഗണാർ കാറുകളിലായിരുന്നു പ്രതികളുടെ യാത്ര. ഇന്നോവ പാലാ, മേവട, റാന്നി വഴിയും, ഐ 20 കോട്ടയം, ചങ്ങനാശേരി, പത്തനംതിട്ട വഴിയും, വാഗണാർ മല്ലപ്പള്ളി, കോഴഞ്ചേരി, പത്തനംതിട്ട വഴിയുമാണ് ചാലിയേക്കരയ്‌ക്ക് പോയത്. വഴി കൃത്യമായി അറിയാത്തതിനാൽ ഫോണിലൂടെ പ്രതികൾ നിരന്തരം ആശയവിനിമയം നടത്തിയെന്നും മൊഴിയിൽ പറയുന്നു. ഗിരീഷ് പി. സാരഥിയുടെ ക്രോസ് വിസ്താരം ഇന്നലെ പൂർത്തിയായി. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് നടപടി നേരിട്ട എ.എസ്.ഐ. ബിജുവിനെ ഇന്ന് വിസ്‌തരിക്കും.