kanthari

തലയോലപ്പറമ്പ്: റബർ തോട്ടത്തിൽ ഇടവിളയായി കാന്താരി കൃഷി ചെയ്ത് വിജയക്കൊടി പാറിച്ചിരിക്കുകയാണ് ബാങ്ക് ജീവനക്കാരനായ കടുത്തുരുത്തി കെ.എസ്.പുരം പുതിയിടത്തുപറമ്പിൽ പി.പി.വർഗീസ്. നാലു വർഷത്തിൽ കൂടുതൽ പ്രായമായ റബർ തോട്ടത്തിലും വിജയകരമായി കൃഷി നടത്താമെന്ന് ഇദ്ദേഹം തെളിയിച്ചു. തന്റെ അര ഏക്കർ റബ്ബർ തോട്ടത്തിൽ നട്ട ചെറുതും വലുതുമായ 250ഓളം കാന്താരി ചീനികളിൽ നിന്നും ആഴ്ചയിൽ മൂന്ന് കിലോ മുളക് വിളവെടുത്ത് സമീപത്തെ മാർക്ക​റ്റിൽ ഇദ്ദേഹം വിൽപ്പന നടത്തുന്നുണ്ട്. ഇപ്പോൾ കിലോഗ്രാമിന് 600 രൂപ വരെ ലഭിക്കുന്നുണ്ടെന്നും ദൂരെയുള്ള മ​റ്റ് മാർക്ക​റ്റുകളിൽ 800 രൂപവരെ വില ലഭിക്കുമെന്നും കാന്താരി മുളക് മനുഷ്യശരീരത്തിലെ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഉത്തമ ഔഷധമാണെന്നും വർഗീസ് പറയുന്നു. തികച്ചും ജൈവ രീതിയിലാണ് കൃഷിയും പരിപാലനവും. കടുത്തുരുത്തി അർബൻ സഹകരണ ബാങ്കിലെ ജീവനക്കാരനായ വർഗീസിന് കൃഷിയിൽ സഹായിക്കാൻ ഭാര്യയും മക്കളും ഒപ്പമുണ്ട്. കാന്താരി കൃഷി കൂടുതൽ വിപുലമാക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.