പാലാ : നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ദളിത് ക്രൈസ്തവ പ്രതിനിധി മത്സരരംഗത്തുണ്ടാകുമെന്ന് പ്രോഗ്രസീവ് പീപ്പിൾസ് കൾച്ചറൽ സൊസൈറ്റി യുണൈറ്റഡ് സംസ്ഥാന ചെയർമാൻ അഡ്വ.ജിൻസ് ആന്റണി പറഞ്ഞു. ഇടത്‌-വലത് സർക്കാരുകൾ ദളിത് ക്രൈസ്തവരോടു പുലർത്തുന്ന അവഗണനയിൽ പ്രതിഷേധിച്ചും അധികാര പങ്കാളിത്തം എന്ന ആവശ്യവും മുൻനിറുത്തിയുമാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരുപതിനായിരത്തോളം വോട്ട് ദളിത് ക്രൈസ്തവരുടേതായുണ്ട്. മറ്റ് ദളിത് സംഘടനകളുടേതായി പതിനായിരത്തോളം വോട്ടുകളും വരും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.എം. മാണിയുടെ ഭൂരിപക്ഷം അയ്യായിരത്തോളം വോട്ടുകളായിരുന്നു.
പി.പി. സി.എസിനൊപ്പം ദളിത് ക്രിസ്ത്യൻ ആക്ഷൻ കൗൺസിൽ, കേരള ദളിത് സമുദായം, കൺവേർട്ടഡ് ക്രിസ്ത്യൻ വികസന സൊസൈറ്റി, ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ ഓഫ് ഇന്ത്യ, ഡി.സി.സി.ഒ, നാഷണൽ ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ, ഇന്ത്യൻ ദളിത് ഫെഡറേഷൻ, തുടങ്ങിയ സംഘടനകളുടെ ഏകോപന സമിതിയും കൂടി ചേർന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. രൂപതയിലെ ദളിത് ക്രൈസ്തവരുടെ പ്രധാന സംഘടനയായ ഡി.സി.എം.എസിന്റെ സഹകരണവും തേടിയിട്ടുണ്ട്.

ജൂലായ് ആദ്യവാരം പാലായിൽ വിപുലമായ അവകാശ സമ്മേളനം സംഘടിപ്പിക്കും. വിവിധ സംഘടനകളുടെ സംയുക്ത യോഗം പി.എം. രാജീവ് ഉദ്ഘാടനം ചെയ്തു. അഡ്വ. ജിൻസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. വിവിധ ദളിത് ദളിത് ക്രൈസ്തവ സംഘടനാ നേതാക്കളായ എം.ഒ. മാത്യു, പി.പി. ജോസഫ്, ലിജോ വിജയൻ , സിബി അഗസ്ത്യൻ, ജോസഫ് പനമൂടൻ ,കെ.റ്റി. ബർണബാസ്, ജോസ് തച്ചിലാടി, കെ.കെ. മനോജ്, എ.വി. തമ്പി , ബിജുമോൻ പി.വി, സിജുമോൻ ഇ.പി കെ.ജെ. ആന്റണി, ജോയി അഗസ്ത്യൻ, കുര്യൻ വാഴക്കുളം, ജേക്കബ്ബ് കുണിഞ്ഞി എന്നിവർ പ്രസംഗിച്ചു.