സംഭവം : 1

വിവാഹത്തിന് മുൻപെ സൂരജും ലക്ഷ്മിയും (യഥാർത്ഥ പേരല്ല) ഒരു തീരുമാനമെടുത്തു. രണ്ട് വർഷത്തേയ്ക്ക് കുട്ടികളേ വേണ്ട. എന്നാൽ മധുവിധുവിന്റെ മാധുര്യം മാറും മുൻപ് ലക്ഷ്മി ഗർഭിണിയായി. വീട്ടുകാർ മുഴുവൻ സന്തോഷിച്ചെങ്കിലും ഇരുവരും ഉറച്ച തീരുമാനത്തിലായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിയപ്പോൾ ആദ്യം ഡോക്ടറും സമ്മതിച്ചില്ല. പക്ഷേ, ഡോക്ടറുടെ എതിർപ്പിലും ഇരുവരും വഴങ്ങിയില്ല. ഒടുവിൽ...

സംഭവം: 2

വിവാഹം കഴിഞ്ഞ് നാല് വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാതെ വിഷമിക്കുകയാണ് ശ്രീനാഥ്- രേഖ ദമ്പതികൾ. പ്രാർത്ഥനയ്ക്കും വഴിപാടിനും കുറവില്ല. ഇപ്പോൾ സീതാലയം പദ്ധതിയനുസരിച്ച് കുറിച്ചി ഹോമിയോ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കോട്ടയം : ഒരു വശത്ത് കുട്ടികളില്ലാതെ നീറുന്ന മനസുമായി നടക്കുന്നവർ. മറുവശത്ത് കുട്ടികൾ ഉടനെ വേണ്ടെന്ന് വച്ച് ഗർഭച്ഛിദ്രം നടത്തുന്നവർ. ജില്ലയിൽ രണ്ട് കൂട്ടരുടേയും എണ്ണം വർദ്ധിക്കുകയാണ്. 623 പേരാണ് കഴിഞ്ഞ വർഷം ഗർഭച്ഛിദ്രം നടത്തിയത്. ഇതിൽ 335 പേർ സർക്കാർ ആശുപത്രിയിലും, 288 പേർ സ്വകാര്യ ആശുപത്രിയിലുമാണ് കുരുന്നു മുകുളങ്ങൾ മുളയിലെ നുള്ളിയത്. വന്ധ്യതാ ചികിത്സയ്ക്ക് ഒരു വർഷം ശരാശരി ആയിരത്തിന് മുകളിലാളുകൾ എത്തുന്നുണ്ട്. ജീവതശൈലീ രോഗങ്ങളടക്കം വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്.

ഗർഭച്ഛിദ്രം നടത്തിയവർ

(2018 ഏപ്രിൽ മുതൽ കഴിഞ്ഞ 31 വരെ)

ഏപ്രിൽ : 53

മേയ് : 30

 ജൂൺ : 54

ജൂലായ് : 60

ആഗസ്ത് : 55

 സെപ്തംബർ : 50

 ഒക്ടോബർ : 49

നവംബർ : 43

ഡിസംബർ : 35

ജനുവരി : 45

ഫെബ്രുവരി : 24

മാർച്ച് : 45

ഏപ്രിൽ : 36

മേയ് : 44


'' ഗർഭനിരോധന മാർഗങ്ങൾ പരാജയപ്പെടുന്നതാണ് ഗർഭച്ഛിദ്രത്തിലേയ്ക്ക് നയിക്കുന്നത്. ആവശ്യമായ ബോധവത്കരണത്തിലൂടെ ഒരു പരിധി വരെ ഗർഭച്ഛിദ്രം തടയാൻ കഴിയും''

- ഡോ.വിദ്യാധരൻ, ഡെപ്യൂട്ടി ഡി.എം.ഒ