കോട്ടയം: സ്വകാര്യ അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസ് ഉടമകൾ സമരമാരംഭിച്ചിട്ടും പകരം ബസുകളിറക്കി നേട്ടം കൊയ്യാൻ കെ.എസ്.ആർ.ടി.സി മിനക്കെട്ടില്ല. കോട്ടയത്തെ 18 അന്തർസംസ്ഥാന ബസുകളും ഇന്നലെ ആരംഭിച്ച പണിമുടക്കിൽ പങ്കെടുത്തു. എന്നാൽ കെ.എസ്.ആർ.ടി.സി സർവീസ് ഒരുക്കിയത് ഒരിടത്തേയ്ക്ക് മാത്രം. അതും അറ്റകുറ്റപ്പണി മൂലം ബസ് ഓടാതെ കിടന്ന റൂട്ടിൽ.

ബംഗളൂരു, ഹൈദ്രാബാദ് സ്വകാര്യ സർവീസുകളാണ് പണിമുടക്കിയത്. നല്ല തിരക്കുള്ള റൂട്ടുകളാണിത്. എന്നാൽ കോട്ടയത്ത് നിന്ന് ഒരു സൂപ്പർ ഡീലക്‌സ് സ്‌കാനിയ സർവീസാണ് ബംഗളുരുവിന് ഓപ്പറേറ്റ് ചെയ്തത്. വാടകയ്‌ക്കെടുത്ത സ്‌കാനിയ അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ എട്ടു മുതൽ വർക്ക് ഷോപ്പിലാണ്. ഈ സർവീസിന് പകരം ഇന്നലെ സൂപ്പർ ഡീലക്‌സ് സർവീസ് ആരംഭിച്ചു. ഇതുമാത്രമാണ് സമരത്തിന്റെ പേരിൽ കെ.എസ്.ആർ.ടി.സി നടത്തിയ ഇടപെടൽ.

സമരം മൂലം കെ.എസ്.ആർ.ടി.സിക്ക് ബുക്കിംഗ് കൂടിയിട്ടുണ്ട്. അന്തർസംസ്ഥാന ബസുകളുട‌െ സമരകാലത്ത് കൂടുതൽ ബസ് ഇറക്കുമെന്ന് നേരത്തെ കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞിരുന്നു.

 യാത്രക്കാർ വലഞ്ഞു

അന്തർ സംസ്ഥാന ബസുകളുടെ പണിമുടക്കിൽ യാത്രക്കാർ ഏറെ വലഞ്ഞു. കെ. എസ്. ആർ. ടി.സി. ബസിലും ട്രെയിനിലും ടിക്കറ്റ് കിട്ടാതെ, വിവിധ കോളേജുകളിലെ അഡ്മിഷനുമായി ബന്ധപ്പെട്ട് ബാംഗ്ളൂർ, ഹൈദ്രാബാദ് ഭാഗങ്ങളിലേയ്ക്ക് പോകേണ്ടിയിരുന്ന നഴ്സിംഗ് വിദ്യാർത്ഥികൾ അടക്കമുള്ളവർ ബുദ്ധിമുട്ടി.