കോട്ടയം: കോട്ടയം ഇന്ത്യയിലെ പ്രഥമ സമ്പൂർണ സാക്ഷരതാ നഗരമായിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട്. നൂറ് ദിവസത്തിനുള്ളിൽ ഈ ലക്ഷ്യം നേടിയെടുത്തതിന് പിന്നിൽ പ്രവർത്തിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ പലരും ഇന്നുണ്ടെങ്കിലും അന്നത്തെ കളക്ടർ അൽഫോൻസ് കണ്ണന്താനത്തിന്റെ നേതൃപാടവും ഇച്ഛാശക്തിയുമായിരുന്നു പ്രധാനമായും ഈ നേട്ടത്തിന് പിന്നിൽ.
എറണാകുളം കളക്ടറായിരുന്ന കെ.ആർ.രാജൻ ഇന്ത്യയിലെ പ്രഥമ സാക്ഷരതാ ജില്ലയാക്കി എറണാകുളത്തെ ഉയർത്താൻ ശ്രമം നടത്തുന്നതു കണ്ടാണ് അതിന് മുമ്പേ അന്ന് 32 വാർഡു മാത്രമുള്ള കോട്ടയം നഗരത്തെ പ്രഥമ സാക്ഷരതാ നഗരമാക്കാൻ കണ്ണന്താനം ഇറങ്ങിപ്പുറപ്പെട്ടത്. എം.ജി സർവകലാശാല നാഷണൽ സർവീസ് സ്കീമിന്റെ നിർലോഭ പിന്തുണയും ലഭിച്ചു. 'ഹൗ വി ഡിഡ് ഇറ്റ് ' എന്ന പുസ്തകത്തിൽ കോട്ടയം നഗരം സമ്പൂർണ സാക്ഷരത കൈവരിച്ചതിന്റെ അനുഭവ കഥ കണ്ണന്താനം വിവരിച്ചിട്ടുണ്ട്.
100 ദിവസം കൊണ്ട് 32 വാർഡുകളിലെ 110 തമിഴ്നാട്ടുകാരടക്കം 2208 നിരക്ഷരരെ സാക്ഷരരാക്കുക എന്നതായിരുന്നു ലക്ഷ്യം. നൂറ് ദിവസമടുക്കാറായിട്ടും അക്ഷരം പഠിക്കാൻ തയ്യാറാകാതിരുന്ന നാഗമ്പടത്തെ തെങ്ങുകയറ്റക്കാരനെ ജില്ലാ മജിസ്ടേറ്റിന്റെ അധികാരമുപയോഗിച്ച് അറസ്റ്റ് ചെയ്തു ജയിലിടയ്ക്കുമെന്ന് പേടിപ്പിച്ചതോടെ അയാളും അക്ഷരം പഠിക്കാൻ തയ്യാറായി. കണ്ണന്താനം സ്റ്റേറ്റിൽ എഴുതി പഠിപ്പിച്ചാണ് 100 ശതമാനമെന്ന അഭിമാനനേട്ടത്തിൽ കോട്ടയത്തെ എത്തിച്ചത്. ഇന്ന് സാക്ഷരതാ ചരിത്രം പറയുമ്പോൾ എന്തു കൊണ്ടോ അൽഫോൻസിന്റെ പേര് ഉയർന്നുവരുന്നില്ല.
സാക്ഷരതാ യജ്ഞത്തിന്റെ ജനറൽ കൺവീനർ എം.ജി സർവകലാശാലാ എൻ.എസ്.എസ് പ്രോഗ്രാം കോ-ഒാർഡിനേറ്റർ ഡോ.തോമസ് എബ്രഹാമും ഏറെ വിയർപ്പെഴുക്കിയ വ്യക്തിയാണ് . വിവിധ കോളേജുകളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളെ ഇദ്ദേഹം രംഗത്തിറക്കി. എം.ജി സർവകലാശാലാ വൈസ് ചാൻസലർ ഡോ.യു.ആർ.അനന്തമൂർത്തിയുടെ പിന്തുണയും എടുത്തു പറയേണ്ടതാണ്.ഇന്ദു ലേഖയെന്ന സാക്ഷരതാ പ്രവർത്തക 18 നിരക്ഷരരെയാണ് അക്ഷര ലോകത്തെത്തിച്ചത്.
കോട്ടയത്തെ എല്ലാ പത്രങ്ങളും സാക്ഷരതാ തുടർ പ്രവർത്തനത്തിന് പ്രത്യേക കോളം നൂറ് ദിവസവും നൽകി ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കി .
സാമൂഹിക,സാംസ്കാരിക, രാഷ്ടീയ , വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും നൂറ് കണക്കിന് സാധാരണക്കാരും കൈ കോർത്ത വലിയൊരു കൂട്ടായ്മയുടെ വിജയമായിരുന്നു കോട്ടയം നഗരത്തെ പ്രഥമ സമ്പൂർണ സാക്ഷരതാ നഗരമാക്കിയത്.