പാമ്പാടി: മാർക്കറ്റിൽ മലിനജലം കെട്ടിക്കിടക്കുന്ന വ്യാപാരികളേയും മാർക്കറ്റിലെത്തുന്നവരെയും ദുരിതത്തിലാഴ്‌ത്തുന്നു. കശാപ്പു ശാലകളിലെ മലിനജലം ഉൾപ്പെടെ കെട്ടിക്കിടക്കുന്നതിനാൽ മാർക്കറ്റിൽ ദുർഗന്ധം രൂക്ഷമാണ്. പാമ്പാടിയിലെ കരിമ്പിൻതോട്, കാളച്ചന്തയ്ക്കു സമീപമുള്ള തോട് എന്നിവിടങ്ങളിലേയ്ക്കും ദേശീയപാതയിലേക്കും മലിനജലം ഒഴുകിയെത്താറുണ്ട്. വളരെ ഇടുങ്ങിയ മാർക്കറ്റിനുള്ളിൽ മഴപെയ്താൽ വെള്ളക്കെട്ടാണെന്ന് വ്യാപാരികൾ പറയുന്നു. മലിനജലം ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കാതെയാണ് മാർക്കറ്റ് നിർമ്മിച്ചതെന്നാണ് ഇവരുടെ പരാതി. ഇത് പരിഹരിക്കുന്നതിനായി സംവിധാനം ഏർപ്പെടുത്താനും ഓട നിർമ്മിക്കാനും പഞ്ചായത്ത് തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ഷോപ്പിംഗ് കോംപ്ലക്സ് തുറന്നില്ല !
പഴയ ചന്തയുടെ ഭാഗത്ത് പഞ്ചായത്ത് നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. മുകളിലത്തെ നിലയുടെ നിർമാണം പൂർത്തിയാക്കി ഉടൻ തുറന്നു നൽകുമെന്നും ഷോപ്പിംഗ് കോംപ്ലക്സിന്റെ താഴത്തെ നിലയിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പഞ്ചായത്ത് പറയുന്നു
അടിക്കുറിപ്പ്--- മാർക്കറ്റിലെ മലിനജലം ദേശീയപാതയിലേക്ക് ഒഴുകുന്ന വഴി