പീരുമേട്: താലുക്കിലെ തോട്ടം ഭൂമി മുറിച്ചു വിൽപ്പന തടയാൻ നടപടി ആവശ്യപ്പെട്ട് ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യുണിയൻ (എ.ഐ.ടി.യു.സി) റവന്യു മന്ത്രിക്ക് പരാതി നല്കി. തോട്ടം തൊഴിലാളികൾക്ക് നൽകാനുള്ള ഗ്രാറ്റുവിറ്റി, ശമ്പള കുടിശ്ശിക തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാനെന്ന വ്യാജേനയാണ് ഭൂമികച്ചവടം. ഏലപ്പാറ, വാഗമൺ വില്ലേജുകളിൽ നടന്ന ഭൂമി കച്ചവടം മുൻപും പരാതിക്കിടയാക്കിയിരുന്നു. പെരിയാർ വില്ലേജ് പരിധിൽപ്പെട്ട ചുരക്കുളം തോട്ടത്തിന്റെ് പത്തേക്കർ സ്ഥലം വിൽക്കാനുള്ള ശ്രമം തടയാൻ എ.ഐ.ടി.യു.സി കൊടി സ്ഥാപിച്ച് പ്രതിഷേധിച്ചിരുന്നു. പീരുമേട്ടിലെ തോട്ടവ്യവസായത്തെ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ തടയുന്നതിന് നടപടി വേണമെന്നാണ് യുണിയൻ സെക്രട്ടറി ആർ.വിനോദ്, വൈസ് പ്രസിഡന്റ് എ.വാവച്ചൻ എന്നിവർ റവന്യു മന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയത്..