ചങ്ങനാശേരി : ഞായറാഴ്ച വടശേരിക്കരക്കടുത്ത് പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി തൃക്കൊടിത്താനം മണികണ്ഠവയൽ കടവുങ്കൽ സജീവ് - ഷീജ ദമ്പതികളുടെ മകൾ സൂര്യ സജീവിന്റെ (18) മൃതദേഹമാണ് ഇന്നലെ ഒരു മണിയോടെ കാണാതായ സ്ഥലത്തു നിന്ന് മൂന്നു കിലോമീറ്റർ അകലെ ഐത്തലയിൽ നിന്ന് ഫയർഫോഴ്‌സിലെ മുങ്ങൽ വിദഗ്ദ്ധരാണ് കണ്ടെടുത്തത്. റാന്നി എം.എൽ.എ രാജു എബ്രഹാം വഴി നേവിയെ എത്തിക്കുന്നതിനു ശ്രമം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ കുടുംബത്തോടൊപ്പം അമ്മയുടെ സഹോദരിയുടെ വടശേരിക്കരയിലുള്ള വീട്ടിൽ പോയതാണ് സൂര്യ. ഒന്നിച്ച് ആറ്റിൽ ഇറങ്ങിയ സഹോദരൻ സുധി ഒഴുക്കിൽ പെടുന്നത് കണ്ട് രക്ഷിക്കാൻ പിന്നാലെ ഇറങ്ങിയ സൂര്യയും ഒഴുക്കിൽ പെടുകയായിരുന്നു. ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഞായറാഴ്ച പകലും രാത്രിയും പമ്പയാറ്റിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സുര്യയുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വൈകുന്നേരം തൃക്കൊടിത്താനത്ത് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അപകടമറിഞ്ഞ് എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, യൂണിയൻ സെക്രട്ടറി പി.എം ചന്ദ്രൻ, സി.എഫ് തോമസ് എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എ.വി റസ്സൽ, തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു തുടങ്ങിയവർ എത്തിയിരുന്നു.