തലയോലപ്പറമ്പ് : പെരുവ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കവാടത്തിന് മുമ്പിലും റോഡിലുമുള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും അഞ്ചര ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചതോടെയാണ് വർഷങ്ങളായി സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപരും, പ്രദേശവാസികളും പെരുവ നരസിംഹ സ്വാമി ക്ഷേത്രത്തിലേക്ക് വന്നു പോകുന്ന ഭക്തരും അടക്കം നൂറ് കണക്കിന് കാൽനടയാത്രക്കാരുടെയും ദുരിതയാത്രക്ക് പരിഹാരമായത്. മഴ പെയ്താൽ രണ്ടടിയിലേറെ ഉയരത്തിൽ റോഡിൽ വെള്ളക്കെട്ടിനിൽക്കുന്ന സ്ഥിതിയാണ് ഇവിടെ മുൻപ് ഉണ്ടായിരുന്നത്. അശാസ്ത്രീയമായി ഉണ്ടാക്കിയ ചപ്പാത്തും ഓടയിൽ കുറുകെ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണമായിരുന്നത്. സ്‌കൂൾ വഴിയിലൂടെ ഒഴുകി വരുന്ന ചെളിവെള്ളത്തിലൂടെയുള്ള യാത്ര മൂലം സ്‌കൂൾ യൂണിഫോമും ഷൂസും സോക്‌സും നനയുന്നതും യൂണിഫോമിൽ ചെളി വീഴുന്നതും പതിവായിരുന്നു. ഇത് സംബസിച്ച് ഏപ്രിൽ 30ന് കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു. നവീകരിച്ച സ്‌കൂൾ റോഡിന്റെ ഉദ്ഘാടനം ഇന്നലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോൻ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, സ്‌കൂൾ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, നട്ടുകാർ എന്നിവർ പങ്കെടുത്തു.