കോട്ടയം: വേളൂരിൽ വീട് ആക്രമിച്ച് യുവാവിന്റെ തലയടിച്ച് പൊട്ടിച്ച സംഭവത്തിൽ പ്രതികളിൽ ഒരാൾ പിടിയിൽ. വേളൂർ ആണ്ടൂർപറമ്പിൽ വീട്ടിൽ ഷാജിയുടെ മകൻ നിധിൻ ഷാജിയേയാണ് (21) പൊലീസ് പിടികൂടിയത്. കഞ്ചാവ് കേസിൽ പ്രതിയായ പിതാവും മകനും അടക്കം ആകെ ഏഴു പ്രതികളാണ് കേസിലുള്ളതെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്‌ച വൈകിട്ട് നാലരയോടെയാണ് തിരുവാതുക്കൽ മാന്താറ്റിൽ കളത്തൂത്തറ വീട്ടിൽ മെഹബൂബിന്റെ വീട് കഞ്ചാവ് മാഫിയ സംഘം ആക്രമിച്ചത്. ആക്രമണത്തിൽ വഴിയാത്രക്കാരനായ കാർത്തിക്കിന്റെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റിരുന്നു. തലയ്‌ക്കടിയേറ്റ കാർത്തിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് കേസിലെ പ്രതിയായ നിധിനെ വെസ്റ്റ് എസ്.എച്ച്.ഒ സി.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്.
നഗരം കഞ്ചാവ് മാഫിയയുടെ പിടിയിൽ: യുവമോർച്ചാ
കോട്ടയം: നഗരം കഞ്ചാവ് മാഫിയയുടെ പിടിയിലാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്‌ണ. ആക്രമണത്തിൽ പരിക്ക് പറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വേളൂർ സ്വദേശി കാർത്തിക്കിനെ സന്ദർശിക്കുകയായിരുന്നു യുവമോർച്ചാ പ്രവർത്തകർ. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന കഞ്ചാവ് ഗുണ്ടകളെ നിയമത്തിനു മുമ്പിൽക്കൊണ്ടുവരാൻ ഉദ്യോഗസ്ഥർ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്‌ണ, സംസ്ഥാന സമിതി അംഗം കെ എസ് ഗോപൻ,ജില്ലാ ജന:സെക്രട്ടറി സോബിൻലാൽ,ജില്ലാ വൈ. പ്രസിഡന്റ് വി പി മുകേഷ്, വരപ്രസാദ്, ബിജു ഒപ്പമുണ്ടായിരുന്നു.