കോട്ടയം: നഗരത്തിൽ രാത്രി ലഭിക്കുന്ന ഭക്ഷണത്തിന്റെ വൃത്തിയെപ്പറ്റി പരാതി ഉയർന്നതിനെ തുടർന്ന് തട്ടുകടകളിലും രാത്രി പ്രവർത്തിക്കുന്ന ഹോട്ടലുകളിലും മിന്നൽ പരിശോധന. നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവവും സംയുക്തമായാണ് തട്ടുകടകളിലും ഹോട്ടലുകളിലും പരിശോധന നടത്തിയത്. ഇന്നലെ വൈകിട്ട് നാലു മുതൽ രാത്രി ഒൻപതു വരെ നൈറ്റ് സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
നഗരത്തിൽ രാത്രി പ്രവർത്തിക്കുന്ന ബജിക്കടകളും തട്ടുകടകളും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായും, ഭക്ഷണം പാകം ചെയ്യുന്നതായും പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നായിരുന്നു സംഘം പരിശോധന നടത്തിയത്. കളക്‌ടറേറ്റ്, കെ.എസ്.ആർ.ടി.സി, സെൻട്രൽ ജംഗ്ഷൻ, ബസേലിയസ് കോളേജ് എന്നിവിടങ്ങളിലെ തട്ടുകടകളിൽ പരിശോധന നടത്തി. പ്രശ്‌നങ്ങൾ കണ്ടെത്തിയ തട്ടുകടകൾക്കും ഹോട്ടലുകൾക്കും ബജിക്കടകൾക്കും അടുത്ത ദിവസങ്ങളിൽ നോട്ടീസ് നൽകും.
ജില്ലയെ സമ്പൂർണ്ണ ഭക്ഷ്യസുരക്ഷാ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഇവിടങ്ങളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരവും, ജലജന്യ രോഗങ്ങൾ പടരാനുള്ള സാഹചര്യവും എല്ലാം പരിശോധനാ വിധേയമാക്കിയിട്ടുണ്ട്.
ഓപ്പറേഷൻ സാഗർ റാണി :16 സ്ഥാപനങ്ങൾക്ക് നോട്ടീസ് , രണ്ടിടത്ത് പിഴ
മീനുകളിലെ രാസവസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ജില്ലയിൽ നടപടിയെടുത്തത് 18 സ്ഥാപനങ്ങൾക്കെതിരെ. 16 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയപ്പോൾ, രണ്ടിടത്തു നിന്നും പിഴ ഈടാക്കി. 15 കിലോയോളം പഴകിയ മീനും പിടിച്ചെടുത്തിട്ടുണ്ട്. കോട്ടയം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ നിർദേശപ്രകാരമായിരുന്നു ജില്ലയിലെ മാർക്കറ്റുകളിൽ പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ എം.ടി ബേബിച്ചൻ, വി.എൽ ജ്യോത്സന, ലക്ഷ്‌മി വി.നായർ, തെരേസ്‌ലിൻ ലൂയിസ്, നിമ്മി അഗസ്റ്റിൻ, ഷെറിൻ സാറാ ജോർജ് എന്നിവരും, ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.