ചങ്ങനാശേരി : സ്വപ്‌നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി സൂര്യ (18) മടങ്ങി. സൂര്യയെ ഒരു നോക്കു കാണുവാൻ തൃക്കൊടിത്താനത്തെ വീട്ടിലേയ്ക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകളാണ്. തൃക്കൊടിത്താനത്തെ വീട്ടിൽ അച്ഛനെയും അമ്മയെയും സഹോദരനെയും ബന്ധുക്കളെയുമെല്ലാം കണ്ണീരിലാഴ്ത്തി അവൾ വിട്ടകന്നു. പുതിയ വീട്ടിലേക്കു മാറി താമസിച്ചിട്ട് അധികനാൾ ആയിരുന്നില്ല.
പത്താം ക്ലാസിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങൾക്കും ഉന്നത വിജയം നേടിയ സൂര്യ പാഠ്യേതര വിഷയങ്ങളിലും മികവു തെളിയിച്ചു. എസ്. എൻ. ഡി.പി യോഗം തൃക്കൊടിത്താനം 59-ാം ശാഖയിലെ കുമാരിസംഘത്തിന്റെ സെക്രട്ടറിയുമായിരുന്നു . കലാ-കായിക പരിപാടികളിലെല്ലാം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തു. ക്രിസ്തു ജ്യോതി കോളേജിൽ ഒന്നാം വർഷ ബികോമിനു ചേർന്ന സൂര്യ ഇന്നലെ ആദ്യമായി ക്ളാസിൽ പോകാനിരിക്കെയാണ് ദുരന്തമുണ്ടായത്.