കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയും പരിസരവും നിരീക്ഷിക്കുന്നതിനായി നാല് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. പൊൻകുന്നം പുതുപ്പറമ്പിൽ പി.കെ.നാസറാണ് ആശുപത്രിവളപ്പിൽ കാമറ സ്ഥാപിക്കുന്നതിനുള്ള ചെലവ് വഹിക്കുന്നത്. ആദ്യഘട്ടത്തിൽ നാലു കാമറകളാണ് സ്ഥാപിച്ചത്. സൂപ്രണ്ടിന്റെ മുറിയിലുള്ള മോണിറ്ററിൽ ദൃശ്യങ്ങൾ കാണാവുന്ന രീതിയിലാണ് സജ്ജീകരണം. ആശുപത്രിയും പരിസരവും സി.സി.ടി.വി കാമറ നിരീക്ഷണത്തിലാണെന്ന് ബോർഡ് സ്ഥാപിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻനായർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി, കെ.എം.എ.പ്രസിഡന്റ് ടി.എ. സിറാജുദ്ദീൻ,ഡോ. ബാബു സെബാസ്റ്റ്യൻ,എ.പി. ഷംസുദ്ദീൻ, എച്ച്. അബ്ദുൾ അസീസ്, ശംസുദ്ദീൻ തോട്ടത്തിൽ, ഷെഫീക് താഴത്തുവീട്ടിൽ എന്നിവർ സംസാരിച്ചു.