കോട്ടയം: ജില്ലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും കാൻസർ അടക്കമുള്ള മാരക രോഗത്തിന് കാരണമാകുന്ന നിറം ചേർത്ത ഭക്ഷണം വ്യാപകമായി വിൽക്കുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നടത്തിയ പരിശോധനയിലാണ് സിന്തറ്റിക്ക് കളറായ ബുഷ് അടക്കമുള്ളവ ചേർത്ത് ചിക്കൻ ഫ്രൈ അടക്കമുള്ള വിൽക്കുന്നതായി കണ്ടെത്തിയത്. കോട്ടയം നഗരത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നിറം ചേർത്ത് ഭക്ഷണം വിറ്റ തട്ടുകടയിൽ നിന്നും പിഴ ഈടാക്കിയിരുന്നു. ചിക്കൻ ഫ്രൈയിലും ബീഫ് ഫ്രൈയിലും അടക്കം ജില്ലയിലെ ഹോട്ടലുകളും തട്ടുകടകളും ഈ സിന്തറ്റിക് കളറുകൾ ചേർക്കാറുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. നഗരത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭ ആരോഗ്യ വിഭാഗവും സംയുക്‌തമായി 16 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ അന്തരീക്ഷം കണ്ടെത്തിയ അഞ്ചു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്. കോട്ടയം സർക്കിൾ ഫുഡ്‌സേഫ്‌റ്റി ഓഫിസർ ലക്ഷ്മി വി.നായർ, പുതുപ്പള്ളി ഫുഡ്സേഫ്റ്റി ഓഫിസർ വി.എൽ ജ്യോത്സന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കാണാൻ കൊള്ളാം, പക്ഷേ, അപകടകാരി
നിലവിൽ മാർക്കറ്റിലുള്ളതിൽ ബുഷ് എന്ന കമ്പനിയുടെ നിറമാണ് പ്രധാനമായും ഭക്ഷണ സാധനങ്ങളിൽ ചേർക്കാൻ ഉപയോഗിക്കുന്നത്. ബേക്കറികളിലും മധുരപലഹാരങ്ങളിലും നിയന്ത്രിത അളവിൽ ഇത് ചേർക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഇതും ഭക്ഷണം പാകം ചെയ്യുന്നതിൽ വിദഗ്ദ്ധരായ ആളുകളുടെ സാന്നിധ്യത്തിൽ മാത്രമേ പാടുള്ളൂ എന്നതാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നൽകിയിരിക്കുന്ന നിർദേശം.
ചുവന്ന് തുടുത്ത് ചിക്കൻ
ചിക്കൻ ഫ്രൈയ്‌ക്ക് ചുവന്ന നിറം ലഭിക്കുന്നതിനു വേണ്ടിയാണ് തട്ടുകടകളിൽ പ്രധാനമായും സിന്തറ്റിക്ക് കളറുകൾ ചേർക്കുന്നത്. ചുവന്ന് തുടുത്തിരിക്കുന്ന ചിക്കൻഫ്രൈയിൽ അജിനാമോട്ടോ കൂടി ചേർക്കുന്നതോടെ രുചിയും നിറവും ലഭിക്കും. ഇത്തരത്തിൽ നിറം ചേർക്കുന്നത് കാൻസറിനു കാരണമാകുമെന്നാണ് കണ്ടെത്തൽ.
നിറം ചേർത്താൽ കുടുങ്ങും
നിറം ചേർത്ത ഭക്ഷണം വിൽക്കുന്നതായി തെളിഞ്ഞാൽ കട ഉടമയ്‌ക്ക് ഒരു വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയും ലഭിക്കാം. നിറം ചേർത്ത ഭക്ഷണം പിടിച്ചെടുത്താൽ ഹോട്ടലിനും, തട്ടുകടയ്‌ക്കും എതിരെ അസി.കമ്മിഷണർക്ക് റിപ്പോർട്ട് നൽകും. എത്ര രൂപ പിഴ ഈടാക്കണമെന്ന് തീരുമാനിക്കുന്നത് ഈ ഉദ്യോഗസ്ഥനാണ്.