ചങ്ങനാശേരി: നിപ വൈറസുകൾ വവ്വാലുകളിൽ കണ്ടെത്തിയത് സ്ഥിരീകരിക്കപ്പെട്ടതോടുകൂടി ആശങ്കയിലാണ് ഇത്തിത്താനം ചാലച്ചിറ പാലത്തിനു സമീപം താമസിക്കുന്ന വീട്ടുകാർ. വർഷങ്ങളായി ഈ പാലത്തിന് അടിയിൽ ആയിരക്കണക്കിന് വവ്വാലുകൾ കൂടുകൂട്ടിയിരിക്കുന്നത്. സന്ധ്യ ആയാൽ ഇവയുടെ കരച്ചിലും രാത്രികാലങ്ങളിൽ ഇവയുടെ കാഷ്ടത്തിൽ നിന്നുണ്ടാകുന്ന ദുർഗന്ധവും കാരണം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി വീട്ടമ്മമാർ പറയുന്നു. രൂക്ഷമായ ഗന്ധംമൂലം കുട്ടികൾ ആഹാരം കഴിച്ചതിനുശേഷം ഛർദ്ദിക്കുന്നതായി വീട്ടമ്മമാർ പറഞ്ഞു.
പ്രശ്‌നത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ആരോഗ്യവകുപ്പ് അധികൃതരെ സമീപിച്ചിരുന്നെങ്കിലും വവ്വാലുകളുടെ വാസസ്ഥലം ഇല്ലാതാക്കുക എന്നത് മൃഗസംരക്ഷണവകുപ്പിന്റെ അധികാരപരിധിയിലായതുകൊണ്ട് ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന് യാതൊന്നും ചെയ്യാൻ കഴിയില്ലെന്നാണ് പറഞ്ഞതായി നാട്ടുകാർ പറയുന്നു. ജനങ്ങളുടെ ആശങ്കദൂരീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകാൻ സി.പി.എം പുളിമൂട് ബ്രാഞ്ച് കമ്മിറ്റി തീരുമാനിച്ചു.