muthiramala

ചങ്ങനാശേരി : കാലവ‌ഷം കനത്തതോടെ അപകടങ്ങളും വർദ്ധിച്ചു തുടങ്ങി. റോഡിലേയ്ക്ക് ചാഞ്ഞുനിന്നിരുന്ന മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി വീഴാനും വൈദ്യുത കന്പികൾ പൊട്ടിവീഴാനും തുടങ്ങിയതോടെ അപകടങ്ങളുടെ എണ്ണം വല്ലാതെ കൂടി. ചങ്ങനാശേരി - വാഴൂർ റോഡിൽ പതിയിരിക്കുന്ന ദുരന്തം മറ്റൊന്നാണ്. ഉയരമുള്ള വശങ്ങളിൽ നിന്ന് കൂറ്റൻ പാറകൾ റോഡിലേയ്ക്ക് തെറിച്ചുവീഴുന്നത് ഇവിടെ പതിവാണ്.

മഴ കനത്താൽ മണ്ണും പാറക്കല്ലു ഇടിഞ്ഞുവീഴുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇത് വാഹനയാത്രക്കാരെയും നാടക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മുതിരമലയിൽ കൂറ്റൻ പാറക്കല്ലാണ് റോഡിലേയ്ക്ക് പതിച്ചത്. ഈ സമയത്ത് ഇതുവഴി കടന്നുപോകുകയായിരുന്ന വാഹനയാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ, വാഴൂർ തുടങ്ങിയ മലയോരമേഖലയിൽ റോഡരികിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന മൺതിട്ടകളും കല്ലുകളും നിരവധിയുണ്ട്.

പഴക്കംചെന്ന് ചുവട് ദ്രവിച്ച മരങ്ങളാണ് പ്രദേശത്തെ മറ്റൊരു ഭീഷണി.

റോഡിന്റെ വശങ്ങളിലായി ഇത്തരം വൻ മരങ്ങൾ ധാരാളമുണ്ട്.

മരങ്ങളുടെ കൊമ്പുകൾ കാറ്റത്ത് വൻ ശബ്ദത്തോടെ ഒടിഞ്ഞ് റോഡിലേക്ക് വീഴുന്നത് ഇവിടെ പതിവാണ്. കാൽനടയാത്രക്കാരെ ഇത് ഭീതിയിലാഴ്ത്തുന്നുണ്ട്. എന്നാൽ ഇതിന് പരിഹാരം കാണാതെ അധികൃതർ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.