കോട്ടയം: പി.ജെ.ജോസഫിന്റെ വലം കൈ മോൻസ് ജോസഫ് എം.എൽ.എയുടെ കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയും പോഷക സംഘടനകളും ജോസ് വിഭാഗം പിടിച്ചെടുത്തു. ജോസഫിനെ പിന്തുണച്ചിരുന്ന കമ്മിറ്റി പിരിച്ചു വിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ചു.
കടുത്തുരുത്തിയിലെ മുഴുവൻ കമ്മിറ്റികളും ജോസ് പക്ഷമായത് ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടി യായെന്ന് ജോസ് വിഭാഗം നേതാക്കൾ അറിയിച്ചു. നേരത്തേ ജോസഫിന്റെ തട്ടകമായ തൊടുപുഴയിലും ഇതേ തന്ത്രം പയറ്റിയിരുന്നു. ജോസഫിനൊപ്പം നിൽക്കുന്ന മറ്റു നേതാക്കളുടെ മണ്ഡലത്തിലെയും കമ്മിറ്റികൾ പിടിച്ചെടുക്കാനാണ് നീക്കം.കടുത്തുരുത്തിയിലെ യോഗത്തിൽ പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് പി.എം മാത്യു അദ്ധ്യക്ഷത വഹിച്ചു.
പാർലമെന്ററി പാർട്ടിയിലെ അഞ്ച് എം.എൽ.എമാരിൽ ജോസഫ് പക്ഷത്തിന് മൂന്ന് പേരുടെ ഭൂരിപക്ഷമുള്ളതിനാലാണ് ജോസ് വിഭാഗം പി.ജെ.ജോസഫിനെതിരെ നടപടി വൈകിപ്പിക്കുന്നത്.ജോസിനൊപ്പമുള്ള റോഷി അഗസ്റ്റിൻ, എൻ.ജയരാജ് എന്നീ എം.എൽ.എ മാർക്കെതിരെ ജോസഫ് നടപടി എടുക്കാത്തത് യുഡി.എഫ് നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് . രണ്ട് എം.എൽഎമാർക്കെതിരെ കൂറുമാറ്റ നിരോധനനിയമം പ്രയോഗിക്കാൻ ജോസഫിന് കഴിയില്ലെന്ന നിയമോപദേശം ലഭിച്ചതിനാൽ , ജോസഫിനെതിരെ തങ്ങളുടെ നടപടി വൈകില്ലെന്നാണ് ജോസ് വിഭാഗം പ്രചരിപ്പിക്കുന്നത്.
ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞടുത്ത തീരുമാനം താത്ക്കാലികമായി തടഞ്ഞ തൊടുപുഴ സബ് കോടതി വിധിക്കെതിരെ ജോസ് വിഭാഗം ഹർജി നൽകിയിരുന്നു . കോട്ടയത്തു തിരഞ്ഞെടുപ്പു നടന്നതിനാൽ തൊടുപുഴ കോടതിയുടെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഹർജി കോടതി അടുത്ത മാസം 17 ലേക്ക് മാറ്റി. അടിയന്തിര സ്വഭാവമുള്ളതിനാൽ നേരത്തേ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഹർജി നൽകിയെങ്കിലും കോടതി പരിഗണിച്ചിട്ടില്ല. ജോസ് കെ മാണി ചെയർമാന്റെ അധികാരാവകാശങ്ങൾ പ്രയോഗിക്കുന്നത് കോടതി തടഞ്ഞിട്ടും സംസ്ഥാന കമ്മിറ്റി ഓഫീസിൽ കയറുന്നതും അച്ചടക്ക നടപടി എടുക്കുന്നതും കോടതി അലക്ഷ്യമാണെന്ന് ജോസഫ് വിഭാഗം ആരോപിക്കുന്നു .
യു.ഡി.എഫ് നേതാക്കൾ അനുരഞ്ജന ചർച്ച നടത്തിയെങ്കിലും ചെയർമാൻ സ്ഥാനം വിട്ടു കൊടുക്കില്ലെന്ന് ഇരു നേതാക്കളും വ്യക്തമാക്കിയതോടെ ജോസിനെയും ജോസഫിനെയും ഒന്നിച്ചിരുത്തിയുള്ള ചർച്ച നടക്കാത്ത സാഹചര്യമാണുള്ളത്.