mankulam-fencing

അടിമാലി: ഏത്സമയവും കടന്ന് വരുന്ന കാട്ടുമൃഗങ്ങളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് മാങ്കുളം ഗ്രാമവാസികൾ. കള്ളക്കൂടി ആദിവാസി കോളനിപരിസരമാണ് കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നത്.കാട്ടാനയേയും കാട്ടുപോത്തിനേയും കാട്ടുപന്നിയേയുമെല്ലാം പേടിക്കാതെ പുറത്തിറങ്ങാനാവില്ല.മാങ്കുളം ഗ്രാമപഞ്ചായത്തിൽ വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ആദിവാസി കോളനിയാണ് കള്ളക്കൂട്ടി കുടി.പഞ്ചായത്തിലെ തന്നെ അമ്പതാംമൈലും അന്തോണിപുരവുമാണ് കോളനിയുമായി ചേർന്ന് കിടക്കുന്ന ജനവാസമേഖലകൾ.ദിവസങ്ങൾ കഴിയുന്തോറും കള്ളക്കൂട്ടിയിൽ കാട്ടുമൃഗങ്ങളുടെ ശല്യം ഏറി വരുന്നത് കോളനിയിലെ മുതുവാൻകുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു..ഏതാനുംമാസങ്ങൾക്ക് മുമ്പ് ഇവിടെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

കപ്പ കൃഷിയും വാഴകൃഷിയുമാണ് കോളനിയിലെ പ്രധാന തൊഴിൽ .കാട്ടുമൃഗങ്ങളുടെ ശല്യം ഏറിയതോടെ കൃഷിക്കായി മാത്രമല്ല വിറക് ശേഖരിക്കാന്‍ പോലും തങ്ങൾക്ക് പുറത്തിറങ്ങാനാകുന്നില്ലെന്ന് കോളനി നിവാസികൾ പറയുന്നു.കാട്ടനയും കാട്ടുപോത്തും കാട്ടുപന്നിയുമെല്ലാം കോളനിയിലൂടെ പകൽസമയത്ത് പോലും ഇഷ്ടവിഹാരം നടത്തുന്നു.മൃഗങ്ങൾ കോളനിക്കുള്ളിലേക്ക് പ്രവേശിക്കാതിരിക്കാൻ വർഷങ്ങൾക്ക് മുമ്പ് വനംവകുപ്പ് തീർത്ത ഫെൻസിഗ് അറ്റകുറ്റപ്പണികൾ ചെയ്യാതായതോടെ നശിച്ചു.