hnl

തലയോലപ്പറമ്പ് : വർഷങ്ങളായി കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത വിധം കുണ്ടുംകുഴിയുമായി തകർന്ന് കിടന്ന റോഡ് ഒടുവിൽ നാട്ടുകാർ ചേർന്ന് സഞ്ചാരയോഗ്യമാക്കി. പഞ്ചായത്തും റയിൽവേ അധികൃതരും കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് യാത്ര ദുരിതമായി മാറിയ വെള്ളൂർ എച്ച് എൻ എൽ - റെയിൽവേ സ്റ്റേഷൻ റോഡ് കഴിഞ്ഞദിവസം വെള്ളൂർ ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബും നാട്ടുകാരും ചേർന്ന് മടമക്ക് ഇറക്കി അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കി. ഒരുകിലോമീറ്റർ ദൂരമുള്ള റോഡ് ഒരു ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് നാട്ടുകാർ അറ്റകുറ്റപ്പണി നടത്തിയത്. ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും അടക്കം നൂറ് കണക്കിന് ആളുകൾ ഈ സന്നദ്ധത പ്രവർത്തനത്തിൽ പങ്കെടുത്തു. വെള്ളൂർ റയിൽവേസ്റ്റേഷൻ, എച്ച് എൻ എൽ, ആശുപത്രി, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് യാത്രക്കാരും നൂറ് കണക്കിന് വാഹനങ്ങളും നിത്യേന വന്നിരുന്ന റോഡാണ് ഇത്. കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും റോഡിലെ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് നാട്ടുകാർ രംഗത്തെത്തിയത്. എച്ച് എൻ എൽ നഷ്ടത്തിലായതും ഗ്രാമപഞ്ചായത്ത് അധികൃതർ തിരിഞ്ഞ് നോക്കാതെയും വന്നതോടെയാണ് വർഷങ്ങളായി റോഡ് തകർന്ന് കിടന്നിരുന്നത്.