താത്കാലിക സംവിധാനം ജൂലായ് 30നകം
കോട്ടയം : പീഡനത്തിന് ഇരകളാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന വൺ സ്റ്റോപ്പ് സെന്റർ ആരംഭിക്കുന്നതിന് ജില്ലയ്ക്ക് 49 ലക്ഷം രൂപ അനുവദിച്ചു. ആദ്യഘട്ടമായി 24 ലക്ഷം ജില്ലാ കളക്ടറുടെ പേരിൽ ലഭ്യമായിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ജൂലായ് 30നകം താത്കാലിക സെന്റർ ആരംഭിക്കാനും വിപുലമായ സൗകര്യങ്ങളോടെ ഈ വർഷം കെട്ടിടം നിർമ്മിക്കാനുമാണ് തീരുമാനം.
പദ്ധതിക്കായി ഏറ്റുമാനൂർ നഗരസഭയിൽ 15 സെന്റ് സ്ഥലം ലഭ്യമായിട്ടുണ്ട്. റവന്യു വകുപ്പിന്റെ അധീനതയിലുളള ഭൂമി വനിതാ ശിശുവികസന വകുപ്പിന് കൈമാറുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണ്. കുമരകം ഗ്രാമ പഞ്ചായത്തിലാണ് താത്കാലിക സെന്റർ ആരംഭിക്കുക. സെന്ററിന് രണ്ട് കിലോമീറ്ററിനുളളിൽ പൊലീസ് സ്റ്റേഷനും ആശുപത്രിയും വേണമെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തിന്റെ വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടം ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സെന്ററിൽ വിവിധ തസ്തികകളിൽ 19 ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. കെട്ടിടത്തിന്റെ സുരക്ഷാ സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളും പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് വനിതാ ശിശുവികസന ഓഫീസർ പി.എൻ ശ്രീദേവിയെ ചുമതലപ്പെടുത്തി. തുടർപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ പി.കെ സുധീർ ബാബു അദ്ധ്യക്ഷത വഹിച്ചു.
ആദ്യഘട്ടമായി 24 ലക്ഷം
താത്കാലിക സെന്റർ കുമരകത്ത്
സ്ഥിരം സെന്റർ : ഏറ്റുമാനൂരിൽ
സെന്ററിലുള്ളത്
പ്രത്യേക ചികിത്സ
കൗൺസലിംഗ്
താമസ സൗകര്യം
നിയമസഹായം