road

വൈക്കം : പ്രിയദർശിനി - മൂലേക്കരി റോഡ് ഇനിയും പൂർത്തിയായില്ല. മാടപ്പള്ളിയുടെ ഉൾപ്രദേശങ്ങളിലേക്കും വലിയ വാഹനങ്ങൾ കടന്നു ചെല്ലുക ദുഷ്ക്കരം.

തലയാഴം പഞ്ചായത്ത് 11-ാം വാർഡിലെ മാടപ്പള്ളി മേഖലയുടെ ഉൾപ്രദേശങ്ങളെ വൈക്കം - വെച്ചൂർ റോഡുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമ്മാണം 2017- ൽ തുടങ്ങിയതാണ്. മൂന്നര മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതിനായിരുന്നു പദ്ധതി. 74 ലക്ഷം രൂപയായിരുന്നു പദ്ധതി തുക. മൂലേക്കരിയിൽ നിന്ന് പകുതിയിലേറെ ദൂരം മൂന്നര മീറ്റർ വീതിയിൽ തന്നെ റോഡ് നിർമ്മിച്ചു. എന്നാൽ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗമെത്തിയപ്പോൾ റോഡിന്റെ വീതി ഒന്നര മീറ്ററായി. ഒടുവിൽ അത്രയും ഭാഗം കോൺക്രീറ്റ് ചെയ്ത് നടവഴിയുണ്ടാക്കി പണി അവസാനിപ്പിക്കുകയായിരുന്നു. റോഡിന് സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വീതി കുറയാൻ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. എന്നാൽ അത് പരിഹരിച്ച് ആവശ്യമായ വീതിയിൽ റോഡ് നിർമ്മിക്കുന്നതിന് വേണ്ട നടപടികൾ പഞ്ചായത്ത് സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്.

നിർമ്മാണം ഉടൻ പൂർത്തീകരിക്കണം

അടിയന്തിരമായി റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ച് യാത്രാ സൗകര്യം ഉണ്ടാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിയ്ക്കുമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് രാജീവ് ജി. അദ്ധ്യക്ഷത വഹിച്ചു. പി.വി.വിവേക്, ജൽജി വർഗ്ഗീസ്, ഗംഗാധരൻ നായർ, സേവ്യർ ചിറ്ററ, നന്ദകുമാർ യു.കെ, സജീവ് എന്നിവർ സംസാരിച്ചു.

74 ലക്ഷം രൂപ

2017 ൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു

വൈക്കം - വെച്ചൂർ റോഡുമായി ബന്ധിപ്പിക്കുന്നു