തലയോലപ്പറമ്പ് : വഴിയരികിൽ നിന്നും വീണ് കിട്ടിയ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്‌സ് തിരികെ നൽകി കള്ളുഷാപ്പ് ജീവനക്കാരൻ മാതൃകയായി. വെള്ളൂർ കള്ളുഷാപ്പിലെ ജീവനക്കാരനായ പെരുവ ചെത്തുകുന്നേൽ സി.കെ.സന്തോഷാണ് മാതൃക കാട്ടിയത്. മേവെള്ളൂർ നടുവത്ത് ആൽവിൻ ജോസഫിന്റെതായിരുന്നു നഷ്ടപ്പെട്ട പേഴ്‌സ്. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേയ്ക്ക് പോകുന്നതിനിടെ വെള്ളൂർ പള്ളിക്കുന്ന് റോഡിൽ നിന്നാണ് സന്തോഷിന് പേഴ്‌സ് കിട്ടിയത്. ആൽവിൻ അരയൻകാവിൽ നിന്നും വീട്ടിലേയ്ക്ക് ബൈക്കിൽ വരുന്ന വഴി പോക്കറ്റിൽ നിന്നും പേഴ്‌സ് നഷ്ടപ്പെടുകയായിരുന്നു. പേഴ്‌സ് കളത്ത് കിട്ടിയ കാര്യം വെള്ളൂർ എസ്.ഐ. ഡി.ശശിധരനെ ഉടൻ അറിയിക്കുകയും , ഫേയ്‌സ്ബുക്കിൽ വിവരം പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ ഉടമ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ പൊലീസ് സ്റ്റേഷനിൽ എത്തി എ.എസ്.ഐ.മാരായ എം.എസ്.തിരുമേനി, സജീവ്, പി.ആർ.ഒ.അനീഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ സന്തോഷ് ഉടമക്ക് പേഴ്‌സ് കൈമാറുകയായിരുന്നു.