തലയോലപ്പറമ്പ് : തെരുവുനായ്ക്കളുടെ ആക്രമണം ജനം ഭീതിയിൽ. കാൽനടയാത്രക്കാരെയും വളർത്ത് മൃഗങ്ങളെയും കൂട്ടം കൂടി എത്തുന്ന തെരുവുനായ്ക്കൾ ആക്രമിക്കുന്നത് പതിവായതോടെ കീഴൂർ പ്രദേശവാസികൾ ഭീതിയിലായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാല് ആടുകൾ ചാവുകയും നിരവധി ആടുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കീഴൂർ ജാതിക്കാമലയിൽ ഒറ്റകുന്നേൽ മത്തായിയുടെ രണ്ട് ആടുകളെയും, മലയിൽ ജോണിന്റെ രണ്ട് ആടുകളെയുമാണ് അക്രമകാരികളായ തെരുവുനായ കൂട്ടം കടിച്ചുകീറി കൊന്നത്. മത്തായിയുടെ ആടുകളെ തിങ്കളാഴ്ച വൈകിട്ടും, ജോണിന്റെ ആടുകളെ കഴിഞ്ഞ ദിവസവുമാണ് നായ്ക്കൾ ആക്രമിച്ചത്. മത്തായിയുടെ രണ്ട് ആടുകളുടെ ചെവികൾ നായ്ക്കൾ കടിച്ചു മുറിച്ചു കൊണ്ടുപോകുകയും കാലുകൾ കടിച്ചുകീറി പരിക്കേൽപ്പിക്കുകയും ചെയ്തു. പത്തോളം നായ്ക്കൾ കൂട്ടമായെത്തിയാണ് ആടുകളെ ആക്രമിച്ചതെന്ന് മത്തായി പറഞ്ഞു. വീടിന് സമീപത്തെ പുരയിടത്തിൽ കെട്ടിയിരുന്ന ആടുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയപ്പോഴേയ്ക്കും രണ്ട് ആടുകളെ നായ്ക്കൾ കൊന്നിരുന്നു. ജാതിക്കാമല ഭാഗത്ത് തെരുവ് നായ്ക്കളുടെ ആക്രമണം ഭയന്ന് പല വീട്ടുകാരും ആടുവളർത്തൽ ഉപേക്ഷിച്ചിരിക്കുകയാണ്. നാളുകൾക്ക് മുൻപ് പ്രദേശത്തെ നിരവധി കോഴികളെയും നായ്ക്കൾ കൊന്നിരുന്നു. കാൽനടയാത്രക്കാരെ ആക്രമിക്കുന്ന നായ്ക്കൾ ഇരുചക്രവാഹന യാത്രികർക്ക് കുറുകെ ചാടുന്നത് മൂലം അപകടങ്ങളും പതിവാണ്. വർദ്ധിച്ച് വരുന്ന തെരുവുനായ ആക്രമണത്തിനെതിരെ ബന്ധപ്പെട്ട അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.