തലയോലപ്പറമ്പ് : വൈക്കം റോഡ് റെയിൽവേ മേൽപ്പാലത്തിൽ വിള്ളലുകൾ വീണത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സതേൺ റെയിൽവേ അധികൃതർ പറഞ്ഞു. മൂന്ന് വർഷം മുമ്പ് കോടികൾ മുടക്കിയാണ് പുതിയ മേൽപ്പാലം നിർമ്മിച്ചത്. എന്നാൽ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്ന് കൊടുത്ത് മാസങ്ങൾക്കുള്ളിൽ തന്നെ ചിലയിടങ്ങളിൽ പൊട്ടലുകൾ രൂപപ്പെടുകയും ക്രമേണ മേൽപ്പാലം മുഴുവനും ഇപ്പോൾ വിള്ളലുകൾ വീണ് അപകടഭീഷണി ഉയർത്തുകയാണ് മൂന്ന് പില്ലറുകളിലാണ് മേൽപ്പാലത്തിന്റെ കൂ​റ്റൻ ഇരുമ്പ് ഗേഡറുകൾ സ്ഥാപിച്ചിരിക്കുന്നത്. മഴക്കാലത്ത് കെട്ടി നിൽക്കുന്ന വെള്ളം വിടവുകളിലൂടെ ഇറങ്ങി കമ്പികൾ ദ്റവിച്ച് മേൽപ്പാലം അപകടാവസ്ഥയിലാകും. നിർമ്മാണത്തിലെ അപാകതയാണ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ വിള്ളലുകൾ രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാരുടെ ആക്ഷേപം ശക്തമായിരുന്നു. ഇത് സംബന്ധിച്ച് ഇന്നലെ കേരള കൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. കോട്ടയം എറണാകുളം ജില്ലകളിലെ ഏ​റ്റവും കൂടുതൽ വാഹനങ്ങൾ കടന്ന് പോകുന്ന റയിൽവേ മേൽപ്പാലങ്ങളിൽ ഒന്നാണ് വൈക്കം റോഡ് മേൽപ്പാലം. അത് കൊണ്ടു തന്നെ അപകട സാദ്ധ്യതയും ഏറെയാണെന്നും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ ഉടൻ മേൽപ്പാലം പരിശോധന നടത്തി അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമായി.

ഷാജി സക്കറിയ

(ചീഫ് എഞ്ചിനീയർ സതേൺ റെയിൽവേ, തിരുവനന്തപുരം)

പാലത്തിൽ വിള്ളലുകൾ വീണതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഉടൻ നടപടി കൈക്കൊള്ളും.