പാലാ: നഗരസഭയിലെ ഭരണ പക്ഷ കൗൺസിലർ ടോണി തോട്ടത്തിന് ഫോണിൽ വധഭീഷണി വന്ന സംഭവത്തിൽ മുഖ്യമന്ത്രി, ഡി.ജി.പി, കോട്ടയം എസ്. പി എന്നിവർക്ക് നേരിട്ട് പരാതി നൽകാൻ ഇന്നലെ ഈ വിഷയം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തിര കൗൺസിൽ യോഗം തീരുമാനിച്ചു. തനിക്ക് നേരെ ഉണ്ടായ വധ ഭീഷണിയെ കുറിച്ച് ടോണി തോട്ടം ആദ്യം വിശദീകരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 3നാണ് ഭീഷണി കോൾ വന്നതെന്നും സ്‌കൂൾ വിദ്യാർത്ഥികളായ മക്കളെയും അപായപ്പെടുത്തുമെന്ന് പറഞ്ഞതിലാണ് വേദനയെന്നും ടോണി പറഞ്ഞു. കേരളാ കോൺഗ്രസ് എമ്മിൽ ഉറച്ചു നിൽക്കുന്ന താൻ ഇതേ വരെ പാർട്ടി പിളർപ്പിൽ പക്ഷം പിടിച്ചിട്ടില്ലെന്നും ടോണി പറഞ്ഞു. മൃഗാശുപത്രി വളപ്പിൽ അനാഥമായിക്കിടന്ന കോളാമ്പി പൂക്കളെ കുറിച്ച് ' കേരള കൗമുദി 'യിൽ വാർത്ത വന്നതിന് തൊട്ടു പിറ്റേന്ന് അവിടെ ഓടിച്ചെന്ന് അവയെ സംരക്ഷിക്കുമെന്ന് പറഞ്ഞ ചെയർപേഴ്‌സന്റെ നടപടി സ്വാഗതാർഹമാണ്. എന്നാൽ ഒരു

സഹ കൗൺസിലർക്കെതിരെ വധ ഭീഷണി ഉണ്ടായിട്ടും ഫോൺ വിളിച്ചു പോലും കാര്യം തിരക്കാത്ത ചെയർപേഴ്‌സന്റെ നടപടി അപലപനീയമാണെന്ന് ബി.ജെ.പി പ്രതിനിധി അഡ്വ. ബിനു പുളിക്കക്കണ്ടം കുറ്റപ്പെടുത്തി. ടോണി തോട്ടത്തിനു നേർക്ക് വധഭീഷണി ഉണ്ടായിട്ടും നഗരസഭാ ചെയർ പേഴ്‌സൺ ബിജി ജോജോ വേണ്ട ഗൗരവം കൊടുത്തില്ലെന്ന് ഭരണപ്രതിപക്ഷാംഗങ്ങൾ ഒന്നടങ്കം വിമർശിച്ചു.

പാലാ പോലീസിൽ പരാതി കൊടുത്തിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാർ കുറ്റപ്പെടുത്തി. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ റോയി ഫ്രാൻസീസും, ഭരണപക്ഷത്തെ ടോമി തറക്കുന്നേലും ചേർന്ന് പ്രമേയം അവതരിപ്പിച്ചു.

അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് താൻ നേരിട്ട് പാലാ ഡിവൈ. എസ്.പി.ക്കു പരാതി നൽകിയിട്ടുണ്ടെന്ന് ചെയർപേഴ്‌സൺ ബിജി ജോജോ കൗൺസിലിനെ അറിയിച്ചു. മുഖ്യമന്ത്രി. ഡി.ജി.പി. എന്നിവർക്ക് ഉടൻ പരാതി കൊടുക്കണമെന്നും, അതിനുള്ള ചുമതല ചെയർപേഴ്‌സൺ ഏറ്റെടുക്കണമെന്നും വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ അഭിപ്രായപ്പെട്ടത് മറ്റ് കൗൺസിലർമാരും ശരി വെച്ചു. ഇതോടെ ഇക്കാര്യം കൗൺസിൽ യോഗം തീരുമാനിച്ചതായി ചെയർ പേഴ്‌സൺ അറിയിച്ചു. ചർച്ചകളിൽ അഡ്വ. ബിനു പുളിക്കക്കണ്ടം, പ്രൊഫ. സതീഷ് ചൊള്ളാനി, ബിജു പാലൂപ്പടവിൽ, പ്രസാദ് പെരുമ്പള്ളിൽ, കൊച്ചുറാണി അപ്രേം , ജോബി വെള്ളാപ്പാണി, മേരി ഡൊമിനിക്ക്, പി.കെ. മധു, പ്രൊഫ. സെലിൻ റോയി, മിനി പ്രിൻസ്, ലൂസി ജോസ്, റോയി ഫ്രാൻസീസ്, ടോമി തറക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.