m

പാലാ : ഹൈബി ഈഡൻ എം.പിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് സ്ഥലം മാറിപ്പോയ മുനിസിപ്പൽ സെക്രട്ടറി നവാസിന് യാത്രഅയപ്പ് സമ്മേളനത്തിൽ സമ്മാനിച്ച മൊമെന്റോ തിരികെ വാങ്ങാൻ പാലാ നഗരസഭ കൗൺസിൽ തീരുമാനം. ആരും അറിയാതെ യാത്രഅയപ്പ് സമ്മേളനം നടത്തിയതാണ് കൗൺസിലർമാരെ ചൊടുപ്പിച്ചത്. മൊമെന്റൊ തിരികെ വാങ്ങി തൊട്ടടുത്ത കൗൺസിലിൽ ഹാജരാക്കാൻ ചെയർപേഴ്‌സൺ ബിജി ജോജോയെ യോഗം ചുമതലപ്പെടുത്തി.

തങ്ങൾ അറിയാതെ നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ കൊടുത്ത മൊമെന്റോയിൽ ''കൗൺസിൽ ആൻഡ് സ്റ്റാഫ് ' എന്ന് രേഖപ്പെടുത്തിയത് ശരിയല്ലെന്നും ഭരണ-പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. മുനിസിപ്പൽ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ചെയർപേഴ്സൺ ഷെയർ ചെയ്ത

ഫോട്ടോ കണ്ടാണ് വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ പോലും ഇക്കാര്യം അറിഞ്ഞത്. തിടുക്കത്തിൽ നടത്തിയ പരിപാടിയായതിനാലാണ് അറിയിക്കാൻ പറ്റാതെ പോയതെന്നാണ് ചെയർപേഴ്‌സന്റെ വിശദീകരണം. എന്നാൽ 'മൊമെന്റോ തയ്യാറാക്കാനെടുത്ത സമയം പോരേ" തങ്ങളെ വിവരം അറിയിക്കാനെന്ന കൗൺസിലർമാരുടെ ചോദ്യത്തിന് മൗനമായിരുന്നു ചെയർപേഴ്‌സന്റെ ഉത്തരം.

പ്രതിപക്ഷത്തെ പ്രസാദ് പെരുമ്പള്ളിലാണ് വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നത്. തുടർന്ന് ഭരണപക്ഷത്തെ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ടോണി തോട്ടം, പ്രൊഫ. സെലിൻ റോയി, മേരി ഡൊമിനിക്ക്, കൊച്ചുറാണി അപ്രേം , മിനി പ്രിൻസ്, സിബിൽ തോമസ്, ബി.ജെ.പി അംഗം അഡ്വ. ബിനു പുളിക്കക്കണ്ടം എന്നിവരും പിന്തുണച്ചു. ഭരണപക്ഷത്തെ ബിജു പാലൂപ്പടവിൽ മാത്രമാണ് ചെയർപേഴ്സണിന് അനുകൂലമായി സംസാരിച്ചത്. കൗൺസിൽയോഗം ബഹളത്തിൽ മുങ്ങിയതോടെ ബിജുവും ഇറങ്ങിപ്പോയി. ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് അറിയിച്ചെങ്കിലും മൊമെന്റോ തിരികെ വാങ്ങണമെന്നാവശ്യത്തിൽ അംഗങ്ങൾ ഉറച്ച് നിന്നതോടെ ചെയർപേഴ്സണും അംഗീകരിക്കേണ്ടി വന്നു. തിങ്കളാഴ്ച ഉച്ചയോടെ ചില ജോലികൾ തീർക്കാൻ നഗരസഭയിലെത്തിയ നവാസിന് യാത്രഅയപ്പ് നൽകാൻ ജീവനക്കാർ തീരുമാനിക്കുകയും വിവരം ചെയർപേഴ്‌സണെ അറിയിക്കുകയുമായിരുന്നു. അത് ഇത്ര പൊല്ലാപ്പാകുമെന്ന് ആരും കരുതിയില്ല.