electric-post

കുറവിലങ്ങാട്: റോഡരിക് കൈയ്യേറി ഇലക്ട്രിക് പോസ്റ്റ് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഒന്നര മാസത്തിലേറെയായി വൈക്കം-പാലാ റോഡിൽ കുറവിലങ്ങാട് ഗവൺമെന്റ് ആശുപത്രിക് സമീപം കാൽനടയാത്രക്കാർ ബുദ്ധിമുട്ട് നേരിടുകയാണ്. റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന ഈ പോസ്റ്റുകൾ വാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തുന്നുണ്ട്. പൂർണ്ണമായും ഭാഗികമായും നശിച്ച ഇലക്ട്രിക് പോസ്റ്റുകൾക്ക് പകരം പുതിയത് സ്ഥാപിക്കുന്നതിനായി കൊണ്ടുവന്ന പോസ്റ്റുകളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. ഇതുമൂലം വിദ്യാർത്ഥികളും കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നെന്ന് നാട്ടുകാർ പറയുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ പോസ്റ്റുകൾ കിടക്കുന്നത് കാരണം നടപ്പാത ഇല്ലാതായതാണ് കാൽനടയാത്രക്കാരെ കുഴയ്ക്കുന്നത്. ഇതുമൂലം റോഡിലേയ്ക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. ഇത് ഏറെ അപകടസാദ്ധ്യതയും ഉയർത്തുന്നു. ഇത്രയും നാളായിട്ടും പോസ്റ്റുകൾ മാറ്റാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. വലിയ അപകടങ്ങൾ സംഭവിക്കാൻ കാത്തുനിൽക്കാതെ ഇവ പാതയോരത്ത് നിന്ന് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ഇതോടൊപ്പം പാതയോരത്ത് ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന പോസ്സുകൾ മാറ്റണമെന്നും ഇവർ ആവശ്യപ്പെടുന്നു.