കോട്ടയം: പൊൻപള്ളിയിൽ ബൈക്ക് യാത്രക്കാരായ ദമ്പതിമാരെ യുവാവ് ആക്രമിച്ചു. തടയാനെത്തിയ നാട്ടുകാർക്കും, പിടികൂടാനെത്തിയ പൊലീസിനും യുവാവിന്റെ മർദനമേറ്റു. ഇന്നലെ ഉച്ചയ്‌ക്ക് 2.45 നായിരുന്നു സംഭവം. പൊൻപള്ളി ഞാറയ്‌ക്കൽ ഭാഗത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുനിലിനെയും ഭാര്യയെയുമാണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് ആക്രമിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവർക്കു നേരെ യുവാവ് കല്ലെടുത്ത് എറിയുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ വഴിയാത്രക്കാരെയും യുവാവ് ആക്രമിച്ചു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ബല പ്രയോഗത്തിലൂടെ യുവാവിനെ കീഴടക്കി. കൈ കാലുകൾ കെട്ടിയ ശേഷം പൊലീസിനെ വിളിച്ചു വരുത്തി കൈമാറി. പ്രദേശത്ത് താമസിക്കുന്ന യുവാവ് കഞ്ചാവ് വിൽപ്പനക്കാരനും കഞ്ചാവ് ഉപയോഗിക്കുന്ന ആളുമാണെന്നും കഞ്ചാവ് ലഹരിയിലാണ് ആക്രമണം നടത്തിയതെന്നും നാട്ടുകാർ പറയുന്നു. എന്നാൽ, യുവാവിന് മാനസിക അസ്വസ്ഥ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ തോട്ടയ്‌ക്കാടുള്ള മാനസിക ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
തിരുവാതുക്കലിലെ വീട് ആക്രമണം:
അന്വേഷണത്തിന് പ്രത്യേക സംഘം
കോട്ടയം: തിരുവാതുക്കലിൽ വീട് ആക്രമിച്ച് യുവാവിന്റെ തലതല്ലിത്തകർത്ത സംഭവത്തിൽ പ്രധാന പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ അറസ്റ്റിലായ പ്രതി വേളൂർ ആണ്ടൂർ പറമ്പിൽ നിധിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കേസിലെ മറ്റു പ്രതികളെ കണ്ടെത്താൻ ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതികൾ ജില്ലയ്‌ക്ക് പുറത്തേയ്‌ക്ക് കടന്നതായാണ് സൂചന ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി അന്വേഷണം ജില്ലയ്‌ക്ക് പുറത്തേയ്‌ക്ക് വ്യാപിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.